ലണ്ടൻ : 2011 മുതൽ യു.കെ കാബിനറ്റ് ഓഫീസിലെ ‘ ചീഫ് മൗസർ ” ആണ് ലാറി പൂച്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ‘ ഔദ്യോഗിക എലിപിടുത്തക്കാരൻ ” ആണ് ലാറി. അനാഥ പൂച്ചകളെയാണ് ബ്രിട്ടണിലെ ‘ ചീഫ് മൗസർ ” തസ്തികയിൽ നിയമിക്കുന്നത്. ലാറിയെ പോലെ ഒരിക്കൽ ബ്രിട്ടീഷ് ജനതയുടെ ഓമനയായിരുന്നു മൈക്ക് എന്ന പൂച്ച. ജനിച്ചനാൾ മുതൽ മരിക്കും വരെ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ കാവൽക്കാരനായിരുന്നു മൈക്ക്.
കൊണ്ടുവന്നത് ബ്ലാക്ക് ജാക്ക്
1908ലെ ഒരു വസന്തകാലം. മ്യൂസിയത്തെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ഒരു പൂച്ചയായിരുന്നു ‘ബ്ലാക്ക് ജാക്ക്’. മ്യൂസിയത്തിലെ ഈജിപ്ഷ്യൻ പുരാവസ്തുക്കളും മറ്റും സൂക്ഷിക്കുന്ന വിഭാഗത്തിന്റെ മേൽനോട്ടക്കാരനായ ഇ.എ. വാലിസ് ബഡ്ജിനരികിലേക്ക് ബ്ലാക്ക് ജാക്ക് നടന്നെത്തി. ബ്ലാക്ക് ജാക്ക് എന്തോ കടിച്ചുപിടിച്ചിട്ടുണ്ടായിരുന്നു. ബ്ലാക്ക് ജാക്ക് ബഡ്ജിന്റെ കാൽക്കൽ ആ വസ്തുവിനെ നിക്ഷേപിച്ചു. ഒരു പൂച്ചക്കുഞ്ഞായിരുന്നു അത്. ആ ഇത്തിരിക്കുഞ്ഞൻ പൂച്ചയുടെ പേരാണ് മൈക്ക്.
ബ്ലാക്ക് ജാക്കായിരുന്നു മൈക്കിന്റെ ഗുരു. മ്യൂസിയ പരിസരത്ത് നിന്ന് പ്രാവുകളെ ഓടിക്കാനുള്ള പരിശീലനം കുഞ്ഞ് മൈക്കിന് ബ്ലാക്ക് ജാക്ക് നൽകി. അങ്ങനെ പതിയെ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ കാവൽക്കാരനായി മൈക്ക് മാറി.
20 വർഷമാണ് മൈക്ക് ബ്രിട്ടീഷ് മ്യൂസിയത്തിൽ കഴിഞ്ഞത്. ഇക്കാലയളവിനിടെ തനിക്ക് മാത്രമുള്ള ചില പ്രത്യേകതകളിലൂടെയും മൈക്ക് ഏവരെയും അമ്പരപ്പിച്ചു. പ്രധാനമായും മൈക്ക് ഒരു സ്ത്രീ വിരോധിയായിട്ടാണ് അറിയപ്പെട്ടത്. സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു മൈക്ക് എന്നതാണ് ഇതിന് കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൈക്കിന് നായകളോട് ഭയങ്കര ദേഷ്യമാണ്. മ്യൂസിയ പരിസരത്ത് എവിടെയെങ്കിലും തെരുവുനായയെ കണ്ടാൽ മൈക്കിന് കലിയിളകും. ഭക്ഷണത്തിന്റെ കാര്യത്തിലും മൈക്ക് കർക്കശക്കാരനായിരുന്നു. ചില പ്രത്യേക ആളുകൾ നൽകുന്ന ഭക്ഷണം മാത്രമായിരുന്നു മൈക്ക് കഴിച്ചിരുന്നുള്ളു. അവരോട് മൈക്കിന് നല്ല സ്നേഹമായിരുന്നു. 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ബ്രിട്ടീഷ് പൂച്ച എന്നാണ് മൈക്ക് അറിയപ്പെട്ടത്.
20 വർഷം
1924ൽ മൈക്ക് ബ്രിട്ടീഷ് മ്യൂസിയത്തിലെ തന്റെ ‘ ഔദ്യോഗിക ഡ്യൂട്ടി ‘യിൽ നിന്ന് വിരമിച്ചു. എങ്കിലും മ്യൂസിയത്തിലേക്ക് വരുന്നവരിലും പോകുന്നവരിലുമൊക്കെ മൈക്കിന്റെ ശ്രദ്ധയുണ്ടായിരുന്നു. മ്യൂസിയത്തിൽ എത്തുന്നവർക്കെല്ലാം മൈക്ക് പ്രിയങ്കരനായിരുന്നു. മൈക്കിനെ പറ്റി നിരവധി ലേഖനങ്ങൾ പത്രങ്ങളിലും മാസികകളിലും വന്നു. 20ാം വയസിൽ മൈക്ക് ലോകത്ത് നിന്ന് വിടപറഞ്ഞപ്പോൾ മൈക്കിന്റെ മരണവിവരം അറിയിച്ചുകൊണ്ട് ഒരു പ്രമുഖ ദിനപത്രത്തിൽ ഇ.എ വാലിസ് ബഡ്ജ് ഓർമക്കുറിപ്പെഴുതിയിരുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പ്രധാന കവാടത്തെ സംരക്ഷിക്കാൻ സഹായിച്ച മൈക്കിനെ അദ്ദേഹം ഓർത്തു. മൈക്കിനോടുള്ള ആദരസൂചകമായി ബ്രിട്ടീഷ് മ്യൂസിയം സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് റസൽ സ്ട്രീറ്റിന്റെ കവാടത്തിൽ ഒരു സ്മാരകം സ്ഥാപിച്ചിരുന്നു.