കോട്ടയം : അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 20.5 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. കുറുപ്പന്തറ പുളിന്തറ ആനിത്തോട്ടത്തിൽ ഇറിഗേഷൻ വകുപ്പ് റിട്ട. ഓവർസിയർ സേവ്യർ വർഗീസിന്റെ (സിബി, 64) വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ചയായി സേവ്യറും, ഭാര്യ ലീലാമ്മയും സമീപത്തുള്ള തറവാട് വീട്ടിൽ അച്ഛൻ വർഗീസിനൊപ്പമാണ് രാത്രിയിൽ തമാസിക്കുന്നത്. ഇന്നലെ രാവിലെ എട്ടരയോടെ കുളിക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിൽ തുറക്കുന്നതിനിടെ കതകിന്റെ ഒരുഭാഗം അടർന്ന് വീഴുകയായിരുന്നു. തുടർന്ന് കടുത്തുരുത്തി പൊലീസിൽ വിവരം അറിയിച്ചു. ഇരുനില വീടിന്റെ മുൻവശത്തെയും നാല് കിടപ്പു മുറികളുടെയും കതകുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. താക്കോൽ സമീപത്താണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ 30 നായിരുന്നു സിബിയുടെ മകൻ ജോർജിയുടെ വിവാഹം നടന്നത്. ജനുവരി 20ന് മകനും മരുമകളും ബംഗളൂരുവിലേക്ക് പോകുന്നതുവരെ എല്ലാവരും ഇവിടെയായിരുന്നു താമസം. ഇന്നലെ രണ്ട് മക്കൾ എത്തിയെങ്കിലും തറവാട് വീട്ടിലാണ് താമസിച്ചത്. കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷർട്ടിടാത്ത ഒരാൾ വീടിനകത്ത് കയറുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അടുക്കളഭാഗത്തെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നതും കാണാം. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ ടി.എസ്.റെനീഷ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]