ന്യൂഡൽഹി : ഉന്നതകുലജാതൻ ആദിവാസി ക്ഷേമവകുപ്പിന്റെ മന്ത്രിയാകണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം വിവാദമായി. ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരാളെ മുന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള മന്ത്രിയാക്കണമെന്നും പറഞ്ഞെങ്കിലും ആദ്യഭാഗം തിരിച്ചടിച്ചതോടെ പിൻവലിച്ചു.
ഡൽഹിയിലെ മയൂർ വിഹാറിൽ ഇന്നലെ രാവിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളി വോട്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
ഗോത്രവിഭാഗങ്ങളുടെ ക്ഷേമം കൈകാര്യം ചെയ്യുന്നത് എപ്പോഴും പിന്നാക്ക വിഭാഗത്തിൽപ്പെട്ട മന്ത്രിയായിരിക്കും. ഇത് നാടിന്റെ ശാപമാണ്. ബ്രാഹ്മണനോ, നായിഡുവോ വകുപ്പിന്റെ തലപ്പത്ത് വരണം. വലിയ വ്യത്യാസമുണ്ടാകും. അതു തന്റെ ആഗ്രഹവും സ്വപ്നവുമാണ്. 2016ൽ എം.പിയായ കാലംമുതൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്. തനിക്ക് ആദിവാസി ക്ഷേമം കൈകാര്യം ചെയ്യുന്ന സാമൂഹിക നീതി – ശാക്തീകരണ മന്ത്രാലയം തരൂയെന്ന്.
വിവാദം കടുത്തതോടെ, പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്ന് വൈകിട്ടോടെ പറഞ്ഞു. ‘വാക്കുകൾ വളച്ചൊടിച്ചു. മുന്നാക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നാക്ക വിഭാഗക്കാരനെ കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. പിന്നാക്കകാരുടെ കാര്യം നോക്കാൻ എപ്പോഴും ആഗ്രഹമുണ്ട്”. തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നുള്ള ആളെ രാഷ്ട്രപതിയാക്കിയതെന്നും വ്യക്തമാക്കി.
‘പറഞ്ഞത് മുഴുവനായി മാദ്ധ്യമങ്ങൾ കൊടുത്തില്ല. ഹൃദയത്തിൽ നിന്നു വന്നതാണ്. നല്ല ഉദ്ദേശ്യത്തോടെയായിരുന്നു.”
-സുരേഷ് ഗോപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]