
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച കേരളത്തിന് പിന്നാലെ കര്‍ണാടകയിലെ കോൺഗ്രസ് സര്‍ക്കാരും സമാന സമരത്തിലേക്ക്. എന്നാൽ കേരള സര്‍ക്കാര്‍ ജന്ദര്‍ മന്തിറിൽ എട്ടാം തീയതി സമരം നടത്താനിരിക്കെ, തലേ ദിവസമാണ് കര്‍ണാടക സര്‍ക്കാര്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ എല്ലാ ഭരണകക്ഷി എംഎൽഎമാരും സമരത്തിൽ അണിനിരക്കും.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഉപമുഖ്യമന്ത്രി സമര പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ബജറ്റിൽ കർണാടകയ്ക്ക് വരൾച്ചാ ദുരിതാശ്വാസം യുദ്ധകാലാടിസ്ഥാനത്തിൽ നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതാണ്. ബിജെപിയിതര സംസ്ഥാനങ്ങളെ കേന്ദ്രം പൂർണമായും തഴയുന്നുവെന്നും ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു.
കേന്ദ്രത്തിനെതിരെ ദില്ലിയിൽ സമരം നടത്താൻ കേരളം നേരത്തെ തീരുമാനിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും ജന്തർ മന്ദറിൽ എട്ടാം തീയതിയാണ് സമരം നടത്തുന്നത്. ഈ സമരത്തിലേക്ക് ഇന്ത്യാ മുന്നണിയിലെ മുഖ്യമന്ത്രിമാരെ സിപിഎം ക്ഷണിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം സമരത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് സമാന സമരവുമായി കര്‍ണാടകത്തിലെ കോൺഗ്രസ് സര്‍ക്കാരും രംഗത്ത് വരുന്നത്.
Last Updated Feb 3, 2024, 1:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]