
ഭുവനേശ്വർ: ഇടവേള കഴിഞ്ഞെത്തിയ ഐ എസ് എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് തടയിട്ട് ഒഡിഷ എഫ് സി. ആദ്യ ഗോൾ നേടി മുന്നിലെത്തിയ മഞ്ഞപ്പടയുടെ വലയിൽ രണ്ട് തവണ പന്തെത്തിച്ചാണ് ഒഡിഷ വിജയഭേരി മുഴക്കിയത്. കരുത്തരുടെ പോരാട്ടത്തിൽ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾ വഴങ്ങി പരാജയമേറ്റുവാങ്ങിയത്. പതിനൊന്നാം മിനിറ്റില്‍ ദിമിത്രിയോസ് ദിയാമന്‍ഡിയാക്കോസിന്റെ ഗോളില്‍ മുന്നിലെത്തിയ മഞ്ഞപ്പട, രണ്ടാം പകുതിയിൽ നാലു മിനിറ്റിനിടെ വഴങ്ങിയ ഇരട്ട ഗോളിലാണ് അടിതെറ്റി വീണത്.
53, 57 മിനിട്ടുകളിൽ റോയ് കൃഷ്ണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്ത വെടിപൊട്ടിച്ചത്. 53-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ജാവോയുടെ ക്രോസാണ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടത്. ആദ്യ ഗോളിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് വീണ്ടും വലകുലുക്കി. 57-ാം മിനിറ്റില്‍ തകർപ്പൻ ഹെഡറാണ് റോയ് വലയിലെത്തിച്ചത്. ഗോൾ മടക്കാനായി ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നു കളിച്ചെങ്കിലും ഒഡീഷ പ്രതിരോധ കോട്ട കെട്ടി അതെല്ലാം തകർക്കുകയായിരുന്നു.
ഇന്നത്തെ ജയത്തോടെ ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കി ഒഡിഷ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 13 കളികളില്‍നിന്ന് എട്ട് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 27 പോയിന്റാണ് ഒഡിഷയ്ക്ക്. ബ്ലാസ്റ്റേഴ്സാകട്ടെ എട്ട് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമായി 26 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കാണ് വീണത്. 11 കളികളില്‍ എട്ട് ജയവും മൂന്ന് സമനിലയുമായി 27 പോയിന്റുകള്‍ സ്വന്തമാക്കിയ ഗോവയാണ് സീസണിലെ ഒന്നാം നമ്പർ സ്ഥാനം നിലവിൽ അലങ്കരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]