
പാലക്കാട്: കേരളത്തിലെ കാമ്പസുകള്‍ ക്വീര്‍ സൗഹൃദമാക്കാന്‍ ഉപയോഗിക്കാനുള്ള പരിശീലന മോഡ്യൂള്‍ തയ്യാറാക്കുന്നു. ക്വീര്‍ സമൂഹവുമായി ബന്ധപ്പെട്ട അറിവുകളും അവബോധവും നല്‍കാനുള്ള പരിശീലന മൊഡ്യൂളാണ് തയ്യാറാവുന്നത്. ചിറ്റൂര്‍ ഗവ. കോളജില്‍ ഇന്നലെ ആരംഭിച്ച ത്രിദിന ശില്‍പ്പശാലയാണ് സുപ്രധാനമായ ഈ ചുവടുവെയ്പ്പ് നടത്തുന്നത്.
സംസ്ഥാനത്തെ കാമ്പസുകളില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട റെയിന്‍ബോ ക്ലബാണ് ചിറ്റൂര്‍ ഗവ. കോളജിലേത്. കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, കേരള സര്‍ക്കാരിന്റെ ഇന്‍ക്ലൂസിവിറ്റി പ്രൊജക്റ്റായ പ്രിസം എന്നിവയുമായി ചേര്‍ന്നാണ് റെയിന്‍ബോ ക്ലബ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ക്കും ബോധവല്‍ക്കരണ പരിശീലനത്തിനായി ഇവ ഉപയോഗിക്കാനാവും. കാമ്പസുകളില്‍ എല്‍ ജ ബി ടി ക്യൂ ഇടങ്ങള്‍ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ശില്‍പ്പശാല മുന്നോട്ടുവെക്കുമെന്ന് റെയിന്‍ബോ ക്ലബ് കണ്‍വീനര്‍ ഡോ. ആരതി അശോക് പറഞ്ഞു.
ചിറ്റൂര്‍ ഗവ. കോളജില്‍ ആരംഭിച്ച ശില്‍പ്പശാല പ്രിന്‍സിപ്പല്‍ ഡോ. റെജി ടി ഉദ്ഘാടനം ചെയ്തു. ലിംഗാവകാശ പ്രവര്‍ത്തകയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അധ്യാപികയുമായ ഡോ. എ കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ലിംഗാവകാശ പ്രവര്‍ത്തകര്‍, എല്‍ ജി ബി ടി ക്യൂ സമൂഹ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അക്കാദമിക സമൂഹ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട ചെറുസംഘമാണ് ശില്‍പ്പശാലയിലുള്ളത്. വിജയരാജ മല്ലിക, ഹയാന്, ഷാഖിയ, ഡോ. മുരളീധരന് തറയില്‍, ഡോ. പരശുരാമന്, ഡോ. അര്ജുന് പി സി, ആനന്ദ് അമ്പിത്തറ, ആഷിഖ് പി പി, ദിനു വെയില്, പൊന്നു ഇമ, ആകാശ് മോഹന്‍, അനഘ്, ശബരീഷ്, തുടങ്ങിയവര്‍ ചേര്‍ന്നാണ് മൊഡ്യൂള്‍ തയ്യാറാക്കുന്നത്. വിദ്യാര്‍ത്ഥികള്‍, കമ്യൂണിറ്റി പ്രതിനിധികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച്, രണ്ടോ മൂന്നോ ഘട്ടമായാണ് രേഖയുടെ പൂര്‍ണ്ണരൂപം തയ്യാറാക്കുക.
കേരള സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ നയം കൊണ്ടുവരികയും വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും ലിംഗഭേദത്തിന്റെ പേരില്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍, അവര്‍ക്ക് സുരക്ഷിതമായ ഒരിടം സൃഷ്ടിക്കുക അനിവാര്യമാണ്. കാമ്പസുകളില്‍ മറ്റ് ലിംഗങ്ങളുടെ നിലനില്‍പ്പിനെപ്പറ്റിയുള്ള ബോധവല്‍ക്കരണം നടത്തുന്നതിലൂടെ കൂടുതല്‍ ആരോഗ്യകരമായ, സമത്വം പാലിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഒരു സമൂഹനിര്‍മിതി സാധ്യമാവുമെന്നും റെയിന്‍ബോ ക്ലബ് കണ്‍വീനര്‍ ഡോ. ആരതി അശോക് പറഞ്ഞു.
”ക്യാമ്പസുകളിലെ വിപുലമായ ഇടപെടലിന് ഈ പരിശീലന മൊഡ്യൂള്‍ സഹായകമാണ്. ഇത് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും, മറ്റുള്ളവരെയും മാറിച്ചിന്തിക്കാനുള്ള വഴികള്‍ തുറക്കുന്നു. സമൂഹമധ്യത്തിലേക്ക് പുതിയ കാഴ്ചപ്പാടുമായി ഇറങ്ങിച്ചെല്ലാനുള്ള പഠന ഉപാധികള്‍ ലഭ്യമാക്കുക എന്നതാണ് മൊഡ്യൂള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.”-ഡോ. ആരതി കൂട്ടിച്ചേര്‍ത്തു.
Last Updated Feb 2, 2024, 7:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]