ഉണ്ണി മുകുന്ദന്റെ മാർക്കോയ്ക്ക് അഭിനന്ദനവുമായി ആക്ഷൻ ഹീറോ ബാബു ആന്റണി. താൻ വയലൻസ് സിനിമകളുടെ വക്താവ് അല്ലെങ്കിൽ കൂടി മലയാള സിനിമാ ലോകത്തിന് 2025ൽ മികച്ച തുടക്കം സമ്മാനിച്ചതിന് ഉണ്ണി മുകുന്ദനേയും സംവിധായകൻ ഹനീഫ് അദേനിയേയും അഭിനന്ദിക്കുകയാണെന്ന് ബാബു ആന്റണി വ്യക്തമാക്കി. ഒപ്പം തന്റെ വലിയൊരു ആഗ്രഹവും അദ്ദേഹം പങ്കുവച്ചു.
മാർക്കോ ടീമിന് അഭിനന്ദനങ്ങൾ,
മാർക്കോ പുതിയ അതിർവരമ്പുകൾ പിന്നിട്ടതായി അറിഞ്ഞു. ഒരുകാര്യം പറയാൻ ആഗ്രഹിക്കട്ടെ, ഞാൻ വയലൻസ് സിനിമകളുടെ പ്രൊമോട്ടറല്ല. എന്റെ ഒരുസിനിമയും രക്തരൂക്ഷിതമല്ല, എന്നാൽ ആക്ഷൻ സീനുകളാൽ സമ്പുഷ്ടമായിരുന്നു. സിനിമയിൽ അനാവശ്യമായി വരാറുള്ള ബലാത്സംഗ, പീഡന രംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ആദ്യമായി ആവശ്യപ്പെട്ട നടന്മാരിൽ ഒരാളും ഞാനാണ്. മാർക്കോ പൂർണമായും വയലൻസ് നിറഞ്ഞ ചിത്രമാണെന്ന് അതിന്റെ പിന്നണി പ്രവർത്തകർ ആദ്യമേ വ്യക്തമാക്കിയിരുന്നു. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. അതുകൊണ്ടുതന്നെ തീരുമാനം പ്രേക്ഷകരിൽ നിക്ഷിപ്തവുമായിരുന്നു. എന്നിട്ടും സിനിമയിലെ വയലൻസ് അതിപ്രസരത്തെ കുറിച്ച് ചിലയിടങ്ങളിൽ നിന്ന് പരാതികൾ ഉയർന്നു. പക്ഷേ നായകനായ ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ കുറിച്ചോ സിനിമയുടെ മേക്കിംഗിനെകുറിച്ചോ ഒരുപരാതിയും എവിടെ നിന്നും വന്നില്ല. 2025ൽ മലയാള സിനിമയ്ക്ക് മഹത്തരമായ ഒരു തുടക്കം നൽകിയതിന് ഉണ്ണിക്കും സംവിധായകൻ ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ.
പാൻഇന്ത്യൻ ആശയങ്ങളോ സോഷ്യൽ മീഡിയയുടെ സ്വാധീനമോ ഇല്ലാതിരുന്ന കാലത്ത് പുറത്തിങ്ങിയ ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന എന്റെ ചിത്രം അഞ്ച് ഭാഷകളിലാണ് റീമേക്ക് ചെയ്യപ്പെട്ടത്. ആ അഞ്ച് ഭാഷകളിലും ഞാൻ തന്നെയായിരുന്നു വില്ലൻ. അക്കാലത്ത് വില്ലൻ റോളിൽ ഏറ്റവുമധികം പ്രതിഫലം ലഭിച്ചതും എനിക്കായിരുന്നു. ഒരു വലിയ ആക്ഷൻ സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തേയും വലിയ ആഗ്രഹമാണ്. മാർക്കോയുടെ വരവോട് കൂടി അത് ഉടൻ സംഭവിക്കുമെന്ന് വിചാരിക്കുന്നു. ഉത്തമൻ, ട്വന്റി 20, ഇടുക്കി ഗോൾഡ്, കാക്ക മുട്ടൈ, കായംകുളം കൊച്ചുണ്ണി, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളുടെ പ്രകടനം പുതിയ തലമുറയ്ക്കിടയിൽ എനിക്ക് സ്വീകാര്യത നൽകിയിട്ടുണ്ട്. 2025ഉം നായകനായും സഹനടനായും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുന്ന തരത്തിൽ നല്ലൊരു വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]