നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് അർച്ചന കവി. കുറച്ച് സിനിമകളിൽ അഭിനയിച്ച നടി പിന്നീട് കരിയറിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ പത്ത് വർഷങ്ങൾക്കുശേഷം അർച്ചന വീണ്ടും സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം ഐഡന്റിറ്റിയിലാണ് താരം പ്രധാന വേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഐഡന്റിറ്റിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിൽ അർച്ചന കവി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമാണ് താരം പറഞ്ഞിരിക്കുന്നത്.’പത്ത് വർഷത്തിന് ശേഷം ഞാൻ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതിൽ ഒരുപാട് അഭിമാനമുണ്ട്. ചിത്രത്തിന്റെ സംവിധായകരായ അനസ് ഖാന്റെയും അഖിൽ പോളിന്റെയും കഠിനാധ്വാനം ഞാൻ കണ്ടിട്ടുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതിൽ നന്ദി പറയുകയാണ്. സിനിമയുടെ ഭാഗമായ ശേഷവും അവർ എല്ലാ പിന്തുണയും നൽകി. ഞാൻ ആദ്യമായി ഡബ് ചെയ്ത സിനിമയാണിത്. ഇത്രയും വർഷം ആയിട്ടും എന്റെ ശബ്ദം ഒരു കഥാപാത്രത്തിനായും ഉപയോഗിച്ചിരുന്നില്ല’- അർച്ചന പറഞ്ഞു.
സിനിമയിൽ നിന്നും ഇടവേള എടുത്തതിനെക്കുറിച്ചും താരം മാദ്ധ്യമങ്ങളോട് സംസാരിച്ചു. ‘എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആർട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. ഞാൻ വിവാഹം കഴിച്ചു. പിന്നെ ഒരു ഡിവോഴ്സ് നടന്നു. പിന്നെ ഡിപ്രഷൻ വന്നു. അതിൽ നിന്നും രക്ഷപ്പെട്ടു. ഇപ്പോൾ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വർഷം വേണ്ടിവരില്ലേ?’- നടി വ്യക്തമാക്കി.