

First Published Jan 2, 2024, 7:53 PM IST
സിഡ്നി: പോയവര്‍ഷത്തെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ രണ്ട് താരങ്ങൾ ടീമിൽ ഇടംപിടിച്ചപ്പോള്‍ വിരാട് കോലിക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഇലവനില്‍ സ്ഥാനമില്ല. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റിൽ മിന്നിത്തിളങ്ങിയ താരങ്ങളെക്കൂട്ടിച്ചേര്ത്താണ് ക്രിക്കറ്റ് ഓസ്ട്രേലിയ ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും, ആഷസും ഓസ്ട്രേയക്ക് സമ്മാനിച്ച നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ് ടീമിന്റെ ക്യാപ്റ്റൻ.11 ടെസ്റ്റിൽ 42 വിക്കറ്റാണ് കമ്മിൻസ് 2023ൽ വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെ 91 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. ഓസ്ട്രേലിയൻ ഓപ്പണര്‍ ഉസ്മാൻ ഖവാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്നയുമാണ് ഓപ്പണര്‍മാര്‍. ഖവാജ 24 ഇന്നിംഗ്സിൽ മൂന്ന് സെഞ്ച്വറി ഉൾപ്പടെ നേടിയത് 1210 റണ്‍സ്. 10 ഇന്നിംഗ്സിൽ രണ്ട് സെഞ്ച്വുറികൾ ഉൾപ്പടെ കരുണരത്നെ നേടിയത് 608 റണ്‍സ്.
മൂന്നാം നമ്പറിൽ ന്യുസീലൻഡിന്റെ കെയ്ൻ വില്യംസണ് എത്തുന്നു. ഏഴ് മത്സരങ്ങളിൽ 696 റണ്‍സാണ് വില്ല്യംസണിന്റെ സമ്പാദ്യം. നാലും, അഞ്ചും നമ്പറുകളിൽ ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ടും ഹാരി ബ്രൂക്കും ഇറങ്ങും. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയുടെ നട്ടെല്ലുകളാണ് ഇരുവരും.
ടീമിലെ സര്‍പ്രൈസ് എൻട്രി അയര്‍ലൻഡ് താരം ലോര്‍ക്കന്‍ ടക്കര്‍ ആണ്. എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 351 റണ്‍സാണ് ടക്കറുടെ സമ്പാദ്യം. ടീമിന്റെ വിക്കറ്റ് കീപ്പറും ടക്കര്‍ തന്നെ. ഇന്ത്യൻ താരങ്ങളായ ആര്. അശ്വിനും, രവീന്ദ്ര ജഡേജയുമാണ് സ്പിൻ ഓൾറൗണ്ടര്‍മാർ. അശ്വിൻ 41 വിക്കറ്റ് വീഴ്ത്തിയപ്പോൾ, 281 റണ്‍സും 33 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം.
പേസ് ബൗളിംഗ് നിരയിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡുമുണ്ട്. 2023ൽ വെറും നാല് മത്സരങ്ങളിൽ നിന്ന് റബാഡ 20 വിക്കറ്റെടുത്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്റ്റുവര്‍ട് ബ്രോഡ് 38 വിക്കറ്റാണ് കഴിഞ്ഞ വര്‍ഷം വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കി രാജകീയമായി ക്രിക്കറ്റിനോട് വിടപറയുകയായിരുന്നു ബ്രോഡ്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2023ലെ മികച്ച ടെസ്റ്റ് ഇലവൻ: ഉസ്മാൻ ഖവാജ, ദിമുത് കരുണരത്നെ, കെയ്ൻ വില്യംസൺ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലോർക്കൻ ടക്കർ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, പാറ്റ് കമ്മിൻസ്, കാഗിസോ റബാഡ, സ്റ്റുവർട്ട് ബ്രോഡ്.
Last Updated Jan 2, 2024, 7:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]