
മാഞ്ചസ്റ്റര്‍ – ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പാതിവഴിയില്‍ പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ അഞ്ച് ടീമുകള്‍ തമ്മില്‍ ആറ് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. മോശം ഫോമില്‍ നിന്ന് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കരകയറുകയാണ്. ആഴ്സനലും ആസ്റ്റണ്‍വില്ലയും ടോട്ടനമും തൊട്ടുതൊട്ടുണ്ട്. ചെല്‍സിയും ന്യൂകാസിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണ് നിരാശപ്പെടുത്തിയത്. മൂന്നു ടീമുകളും കൂടി ഈ സീസണില്‍ ഇതുവരെ 26 കളി തോറ്റു. സ്ഥാനക്കയറ്റം നേടി വന്ന ഷെഫീല്‍ഡ് യുനൈറ്റഡും ബേണ്‍ലിയും ലൂടനും തിരിച്ച് താഴേക്ക് തന്നെ പോവുന്ന മട്ടാണ്. എവര്ടന് 10 പോയന്റ് പിഴ ശിക്ഷ കിട്ടിയത് 70 വര്‍ഷത്തിനിടയില്‍ ആദ്യമായി അവര്‍ തരംതാഴ്ത്തപ്പെടുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഇതാ ഈ സീസണിലെ അഞ്ച് പാഠങ്ങള്‍:
ചെമ്പട തിരിച്ചുവരുന്നു
കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് യുഗാന്ത്യമായിരുന്നു. തളര്‍ന്ന അവരുടെ ചെമ്പട അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതും ചരിത്രത്തിലാദ്യമായി മുന്‍ സീസണില്‍ ഹാട്രിക് കിരീടത്തിന് തൊട്ടടുത്തെത്തിയ ശേഷം. മധ്യനിര ഉടച്ചുവാര്‍ത്തത് ഒട്ടും ഗുണം ചെയ്തില്ല. ഗോള്‍വലക്കു മുന്നില്‍ ഡാര്വിന് നൂനസിനെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഉറുഗ്വായ്ക്കാരനായ നൂനസിനു വേണ്ടി എട്ടരക്കോടി പൗണ്ട് മുടക്കിയത് വെറുതെയായോയെന്ന് ആശങ്കയുയര്‍ന്നു.
പക്ഷെ ലിവര്‍പൂള്‍ തിരിച്ചുവരികയാണ്. യൂര്‍ഗന്‍ ക്ലോപ്പിന്റെ ടീമാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നത്. തിങ്കളാഴ്ച ഈ വര്‍ഷത്തെ ആദ്യ മത്സരത്തില്‍ അവര്‍ ന്യൂകാസിലിനെ പൂര്‍ണമായും വാരി. സ്കോര്‍ ലൈന്‍ സൂചിപ്പിക്കുന്ന 4-2 നെക്കാളും മൃഗീയമായിരുന്നു അവരുടെ ആധിപത്യം. സിറ്റിക്ക് അഞ്ചും ആഴ്സനലിന് മൂന്നും പോയന്റ് മുന്നില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. പരിയസമ്പന്നനായ ഗോള്‍കീപ്പര്‍ അലിസന് ബെക്കറും ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡെക്കും ടോപ്സ്കോറര്‍ മുഹമ്മദ് സലാഹും ഫോം തിരിച്ചുപിടിച്ചു കഴിഞ്ഞു. അടുത്ത നാലു കളികളില്‍ സലാഹ് ഇല്ലെന്നതായിരിക്കും അവരുടെ പ്രധാന പ്രശ്നം. ആഫ്രിക്കന്‍ നാഷന്‍സ് കപ്പിനായി ഈജിപ്ത് ക്യാമ്പില്‍ ചേരുകയാണ് സലാഹ്.
ചാമ്പ്യന്മാരെ അവഗണിക്കരുത്
ക്ലബ്ബ് ലോകകപ്പിനായി ജിദ്ദയിലേക്ക് പോവും മുമ്പ് ആറ് ലീഗ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിറ്റി ജയിച്ചത്. എതിരാളികള്‍ ആഹ്ലാദത്തിലായിരുന്നു. എന്നാല്‍ ക്രിസ്മസ് അവധിക്കാലം ഏറ്റവും ആഘോഷിച്ചത് പെപ് ഗാഡിയോളയും കൂട്ടരുമാണ്. 2023 ലെ അഞ്ചാമത്തെ ട്രോഫിയുമായി സൗദി അറേബ്യയില്‍ നിന്ന് വന്ന അവര്‍ രണ്ട് ലീഗ് മത്സരങ്ങളും ജയിച്ചു. തൊട്ടടുത്ത എതിരാളികളെല്ലാം പോയന്റ് കൈവിടുന്നത് ആഹ്ലാദത്തോടെ വീക്ഷിച്ചു. ലിവര്‍പൂളിന് അഞ്ച് പോയന്റ് പിന്നിലാണെങ്കിലും ഒരു മത്സരം സിറ്റിക്ക് കളിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ആഴ്സനലിനെ അവര്‍ മറികടന്നത് അവസാന വേളയിലാണ്. ആ സാധ്യതയാണ് വീണ്ടും തെളിയുന്നത്.
ഈ സീസണിലെ ആദ്യ കളിക്കു ശേഷം പരിക്കുമായി വിട്ടുനില്‍ക്കുന്ന കെവിന് ഡിബ്രൂയ്നെ തിരിച്ചുവരികയാണ്. എര്‍ലിംഗ് ഹാളന്റും കായികക്ഷമത നേടുന്നു. വരാനുള്ള എതിരാളികളും അത്ര ശക്തരല്ല. മാര്‍ച്ച് ഒമ്പതിന് ലിവര്‍പൂളില്‍ തിരിച്ചെത്തും മുമ്പ് ആദ്യ ആറിലുള്ള ഒരു ടീമിനെയും അവര്‍ക്ക് നേരിടേണ്ടതില്ല.
വണ്ടര്‍ വില്ല
ഹോം ഗ്രൗണ്ടിലെ ഉജ്വല വിജയങ്ങളിലൂടെ ഉനായ് എമറി ആസ്റ്റണ്‍വില്ലയെ വണ്ടര്‍ ടീമാക്കി മാറ്റിയിരിക്കുകയാണ്. വില്ല പാര്‍ക്കിലെ 10 കളികളില്‍ വാലറ്റക്കാരായ ഷെഫീല്‍ഡ് യുനൈറ്റഡ് മാത്രമാണ് ഒരു പോയന്റുമായി രക്ഷപ്പെട്ടത്. സിറ്റിയെയും ആഴ്സനലിനെയും വരെ അവര്‍ വീഴ്ത്തി. അവസാനം വരെ ഈ ഫോം നിലനിര്‍ത്താനാവുമോയെന്ന് സംശയമുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി സ്ഥാനം നേടാനുള്ള സാധ്യതയുയര്‍ത്തിയിരിക്കുകയാണ് വില്ല.
തുന്നം പാടി യുനൈറ്റഡ്
എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പ്രതീക്ഷാനിര്‍ഭരമായിരുന്നു ആദ്യ സീസണ്. ഒരു പതിറ്റാണ്ടിനിടയില്‍ ലീഗ് ചാമ്പ്യന്മാരാവാമെന്ന പ്രതീക്ഷയുയര്‍ന്നു. എന്നാല്‍ ഇത്തവണ എല്ലാം പാളി. 14 കളികളാണ് മൊത്തം അവര്‍ തോറ്റത്. 1930-31 നു ശേഷം ഇത്രയും വലിയ തോല്‍വി ആദ്യം. ലീഗില്‍ എ്ട്ടാം സ്ഥാനത്താണ് അവര്‍, ലിവര്‍പൂളിന് 14 പോയന്റ് പിന്നില്‍. ആദ്യ നാല് സ്ഥാനം പോലും ഒമ്പത് പോയന്റ് മുന്നിലാണ്.
പരിക്കുകള്‍ ടീമിനെ വലക്കുകയാണ്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലൊഴുക്കാന്‍ പണമില്ല. അറ്റ്ലാന്റയില്‍ നിന്ന് 7.2 കോടി പൗണ്ട് കരാറിലെത്തിയ റാസ്മസ് ഹോയ്ലന്റ് നേടിയത് ഒരു ഗോളാണ്. അഞ്ചരക്കോടി പൗണ്ടിന് കരാറുറപ്പിച്ച മെയ്സന്‍ മൗണ്ട് അപൂര്‍വമായേ കളിച്ചുള്ളൂ. 4.7 കോടി പൗണ്ടിന് ടീമിലെടുത്ത ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനക്ക് തുടരെ പിഴച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ യുനൈറ്റഡ് അവസാന സ്ഥാനത്തായി. ബ്രിട്ടിഷ് കോടീശ്വരന് ജിം റാഡ്ക്ലിഫ് 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതു കണ്ടാണ് പുതുവര്‍ഷം പിറന്നത്.
സൂപ്പര്‍ ഫ്ളോപ്
ഈ സീസണിലെ ഏറ്റവും വലിയ നിരാശ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച ചെല്‍സിയാണ്. യുനൈറ്റഡിനും മൂന്ന് പോയന്റ് പിന്നില്‍ പത്താം സ്ഥാനത്താണ് അവര്‍. മൂന്ന് ട്രാന്‍സ്ഫര്‍ കാലയളവിലായി 100 കോടി പൗണ്ടാണ് പുതിയ കളിക്കാര്‍ക്കായി അവര്‍ ചെലവിട്ടത്. നാല് കോച്ചുമാരെ മാറ്റി. എവര്‍ടനോട് തോറ്റതോടെ വീണ്ടും പുതിയ കളിക്കാരെ തേടുകയാണ് കോച്ച് മൗറിസിയൊ പോചറ്റീനൊ. അതിന് പണം കണ്ടെത്താന്‍ ചെല്‍സി അക്കാദമിയിലെ പ്രതിഭ കോണോര്‍ ഗലാഗറെ ടോട്ടനത്തിന് വില്‍ക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
