
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവായി വടക്കുന്നാഥന്റെ മണ്ണില്‍ പടുകൂറ്റന്‍ മണല്‍ ചിത്രം. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയുടെ നേതൃത്വത്തില്‍ തയാറാക്കുന്ന മണല്‍ ചിത്രം തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് ആദരമായി സമര്‍പ്പിക്കും. വ്യവസായി ഗോകുലം ഗോപാലനാണ് മണല്‍ ചിത്രത്തിന് നേതൃത്വം വഹിക്കുന്നത്.
രാജ്യത്തെ 51 സ്ഥലങ്ങളില്‍നിന്ന് മണ്ണ് ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്. ഇതില്‍ നരേന്ദ്ര മോദിയുടെ ജന്മനാടായ വഡോദരയില്‍നിന്നുള്ള മണ്ണും ഉള്‍പ്പെടും. ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതിനാണ് വ്യത്യസ്ത കോണുകളില്‍നിന്ന് ശേഖരിച്ച മണല്‍ കൊണ്ട് ചിത്രം തീര്‍ക്കുന്നത്. 51 അടി ഉയരമാണ് ചിത്രത്തിനുള്ളത്.
പത്ത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. മണലില്‍ ഇത്രയും വലിയ ചിത്രം ഇന്നേവരെ ആരും തീര്‍ത്തിട്ടില്ലെന്നാണ് ചിത്രകാരന് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ മോദിക്ക് ആദരമായി ഒരുങ്ങുന്ന ചിത്രം ലോക റെക്കോഡ് നേടാനും സാധ്യതയുണ്ട്. പ്രധാനമന്ത്രിയോടുള്ള ആരാധനയാണ് മണലില്‍ അദ്ദേഹത്തിന്റെ ഇത്രയും വലിയ ചിത്രം തയാറാക്കാനുള്ള പ്രേരണയെന്ന് ചിത്രകാരന് ബാബു എടക്കുന്നി പറഞ്ഞു. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേരുണ്ട്.
ഗോകുലം ഗ്രൂപ്പാണ് നിര്‍മാണ ചെലവ് വഹിക്കുന്നത്. തേക്കിന്‍ക്കാട് മൈതാനത്ത് ബി ജെ പിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമര്‍പ്പിക്കും.
Last Updated Jan 3, 2024, 3:37 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]