
മുംബൈ: ഈ വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2022ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് ശേഷം കോലിയും രോഹിത്തും ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം ഇരുവരും വ്യക്തമാക്കിയ സാഹചര്യത്തില്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ ഇവരോട് സംസാരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ടി20 ലോകകപ്പില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്കിയാല് അടുത്ത ആഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇരുവരെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയേക്കും. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ ഈ ആഴ്ച തന്നെ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാവും രോഹിത്തിനെയും കോലിയെയും ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തുക എന്നാണ് സൂചന. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് അഫ്ഗാനെതിരായ ടി20 പരമ്പര മാത്രമാണ് അവശേഷിക്കുന്നത്. അതിനുശേഷം ഇംഗ്ലണ്ടുമായി അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് കോലിയും രോഹിത്തും കളിക്കുക. രണ്ട് മാസം നീളുന്ന ഐപിഎല്ലിന് തൊട്ടു പിന്നാലെയാണ് ടി20 ലോകകപ്പ് എന്നതിനാല്‍ താരങ്ങള്‍ക്ക് മികവ് കാട്ടാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാകും ഐപിഎല്‍.
യുവതാരങ്ങളടക്കം 25-30 പേരുടെ പ്രകടനം സെലക്ഷന് കമ്മിറ്റി ഐപിഎല്ലിനിടെ സൂഷ്മമായി നിരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022നുശേഷം ടി20 പരമ്പരകളില്‍ രോഹിത്തിന്റെ അസാന്നിധ്യത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത് തന്നെയാണ് ഇന്ത്യന്‍ നായകന്. ഇത് ടി20 ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് വിലയിരുത്തല്‍.
ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയും ഹാര്‍ദ്ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച സൂര്യകുമാര്‍ യാദവും ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. ഇരവരും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെയും കോലിയുടെയും ഫിറ്റ്നെസും ഫോമും കണക്കിലെടുത്താവും സെലക്ഷന് കമ്മിറ്റി ഇരുവരെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക.
Last Updated Jan 2, 2024, 8:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]