
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് പ്രതീക്ഷയേകി അടുത്ത ഗഡു സഹായം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഉടന്‍ തന്നെ അനുവദിച്ചേക്കുമെന്ന് സൂചന. ജനവരി 11 ന് ചേരുന്ന ഐഎംഎഫ് യോഗത്തില്‍ സഹായം പ്രഖ്യാപിച്ചേക്കും. ആകെ 3 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ഐഎംഎഫ് പാക്കിസ്ഥാന് നല്‍കുന്നത്. ഇതില്‍ അടുത്ത ഗഡു തുകയായ 700 ദശലക്ഷം ഡോളറാണ് അനുവദിക്കുക.
ഐഎംഎഫ് മുന്നോട്ട് വച്ച എത്ര നിബന്ധനകൾ പാക്കിസ്ഥാൻ പാലിച്ചിട്ടുണ്ടെന്നും എത്രയെണ്ണം പാലിക്കാത്തതായുണ്ടെന്നും ജനുവരി 11ന് നടക്കുന്ന അവലോകന യോഗം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും, നിലവിലുള്ള വായ്പാ പദ്ധതി പ്രകാരം അടുത്ത ഗഡുവായ 700 മില്യൺ ഡോളർ പാക്കിസ്ഥാന് നൽകണമോ വേണ്ടയോ എന്നത് തീരുമാനിക്കുക.
3 ബില്യൺ ഡോളറിന്റെ വായ്പയിൽ 1.2 ബില്യൺ ഡോളറിന്റെ ആദ്യ ഗഡു കഴിഞ്ഞ വർഷം ജൂലൈയിൽ ഐഎംഎഫ് പാക്കിസ്ഥാന് അനുവദിച്ചിരുന്നു. അതേസമയം 1.8 ബില്യൺ ഡോളറിന്റെ രണ്ടാം ഗഡു ഇപ്പോഴും അനിശ്ചിതത്വത്തിലാണ് . കരാർ വ്യവസ്ഥകൾ പാകിസ്ഥാൻ പാലിച്ചിട്ടില്ലെന്ന് ഐഎംഎഫ് അവലോകന യോഗത്തിൽ കണ്ടെത്തിയാൽ, വായ്പയുടെ രണ്ടാം ഗഡു നിർത്തലാക്കും. ഇത് സംഭവിച്ചാൽ, പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ വീണ്ടും തകരുകയും പാപ്പരായി പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.ഈ സാഹചര്യത്തിൽ ജനുവരി 11ന് നടക്കുന്ന യോഗം പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്.
ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാക്കിസ്ഥാന് അനുവദിക്കുന്നുണ്ട്. 2000 മുതൽ 2021 വരെ 67.2 ബില്യൺ ഡോളറാണ് ചൈന പാക്കിസ്ഥാന് നൽകിയ കടം. കണക്കുകൾ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകൾ ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാൻ. രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന പാകിസ്ഥാൻ, കടബാധ്യത ഒഴിവാക്കാനാണ് ഐഎംഎഫ് സഹായം തേടിയത്.
Last Updated Jan 2, 2024, 5:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]