
ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നോ അത്? ഈ എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു സ്ഥലത്താണ് -കടലിൽ. വിമാനത്താവളം നിർമ്മിക്കുന്നതിന് വേണ്ടി ആദ്യം ഒരു ദ്വീപ് നിർമ്മിക്കുകയാണ് അധികൃതർ ചെയ്തത്. പിന്നീട്, ആ മനുഷ്യനിർമ്മിത ദ്വീപിലാണ് ഈ വിമാനത്താവളം പണിതുയർത്തിയത്.
20 മില്ല്യൺ ഡോളർ ചിലവഴിച്ചാണ് ഈ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഓരോ വർഷവും 25 മില്ല്യൺ യാത്രക്കാരെങ്കിലും ഈ വിമാനത്താവളം ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങൾ ഇവിടെ നിന്നും പറക്കുന്നു. കൂടാതെ, നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളും ഈ വിമാനത്താവളത്തിൽ ഉണ്ട്.
എന്നാൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും കാണുന്ന ആളുകൾ പങ്കുവയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കങ്കൂജിമ എന്ന മനുഷ്യനിർമ്മിത ദ്വീപ് ഈ വിമാനത്താവളം പണിയുന്നതിന് വേണ്ടി മാത്രം നിർമ്മിച്ചതാണ്. ഒസാക്ക ഇന്റർനാഷണൽ എയർപോർട്ടിലെ തിരക്ക് കൂടിയപ്പോൾ അതിന് ഒരു പരിഹാരമായിട്ടാണ് ഈ കൻസായി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
ഈ വിമാനത്താവളത്തിന് രണ്ട് ടെർമിനലുകളാണ് ഉള്ളത്. ടെർമിനൽ വൺ ഡിസൈൻ ചെയ്തത് റെൻസോ പിയാനോ ആണ്. പ്രധാന എയർലൈനുകളുടെ ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ഇവിടെ വരുന്നു. 1.7 കിലോമീറ്ററാണ് നീളം. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയർപോർട്ട് ടെർമിനലാണിത്. ടെർമിനൽ ടു ലോക്കൽ ഫ്ലൈറ്റുകൾക്ക് മാത്രമായി ഉള്ളതാണ്.
ലോകത്തിനാകെ ആകർഷണമുള്ള വിമാനത്താവളമാണെങ്കിലും ഇതേ ചൊല്ലിയുള്ള ചർച്ചകളും വിമർശനങ്ങളും എപ്പോഴും ഉണ്ടായിട്ടുണ്ട്. സ്മിത്സോണിയൻ മാഗസിൻ പ്രകാരം 1994 -ലാണ് വിമാനത്താവളം ആദ്യമായി തുറന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴ്ന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് എൻജിനീയർമാർ പ്രവചിച്ചതിലും 25% കൂടുതലാണ് എന്നും പറയപ്പെടുന്നു. കെട്ടിടങ്ങളുടെയും മറ്റും ഭാരവും വെള്ളം പൊങ്ങുന്നതുമെല്ലാം ഈ വിമാനത്താവളം വെള്ളത്തിനടിയിലാവുന്നതിലേക്ക് നയിക്കും എന്നാണ് പറയുന്നത്.
എന്നാൽ, അതിന് വേണ്ടി ചെലവഴിച്ച് തുക ഒരു നഷ്ടമാവില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുപോലെ ഒരു 100 വർഷമെങ്കിലും വിമാനത്താവളം നിലനിൽക്കും എന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ പറയുന്നത് 25 വർഷത്തിനുള്ളിൽ അത് അപ്രത്യക്ഷമായേക്കാം എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]