
ബ്രിസ്ബെയ്ന്‍ – ഒരു വര്‍ഷത്തിലേറെ പരിക്കുമായി വിട്ടുനിന്ന ശേഷം ആദ്യ മത്സരത്തില്‍ ജയത്തോടെ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം റഫായേല്‍ നദാല്‍ തിരിച്ചെത്തി. മുന്‍ യു.എസ് ഓപണ്‍ ചാമ്പ്യന്‍ ഡൊമിനിക് തിയേമിനെ ബ്രിസ്ബെയ്ന്‍ ഇന്റര്നാഷനലില് മുപ്പത്തഞ്ചുകാരന് നേരിട്ടുള്ള സെറ്റുകളില്‍ തോല്പിച്ചു (7-5, 6-1).
കരിയറിലെ ഏറ്റവും വിഷമം പിടിച്ച വര്‍ഷങ്ങളിലൊന്നായിരുന്നു കഴിഞ്ഞുപോയതെന്നും ഏറെ വൈകാരികവും സുപ്രധാനവുമായ ദിനമാണ് ഇതെന്നും നദാല്‍ പറഞ്ഞു. 22 ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ നദാല്‍ ഈ വര്‍ഷം വിരമിക്കുമെന്നാണ് കരുതുന്നത്. രണ്ടാം റൗണ്ടില്‍ ആതിഥേയ താരം ജെയ്സന് കൂബഌറെയാണ് നദാല്‍ നേരിടുക.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപണ്‍ രണ്ടാം റൗണ്ടില്‍ തോറ്റ ശേഷം നദാലിന്റെ ആദ്യ സിംഗിള്‍സ് മത്സരമാണ് ഇത്. അതിനു ശേഷം രണ്ടു തവണ ഇടുപ്പിന് ശസ്ത്രക്രിയ വേണ്ടിവന്നു. നദാല്‍ തിരിച്ചുവരില്ലെന്ന് ആശങ്കയുണ്ടായിരുന്നു. കുവൈത്തിലെ തന്റെ അക്കാദമിയില്‍ ഫ്രഞ്ച് ടീനേജര്‍ ആര്‍തര്‍ ഫില്സിനൊപ്പം പരിശീലനം നടത്തിയാണ് ഓസ്ട്രേലിയന്‍ സീസണിനായി നദാല്‍ ഒരുങ്ങിയത്. വിട്ടുനിന്നിട്ടില്ലാത്ത പോലെയാണ് ആദ്യ മത്സരം കളിച്ചത്. സെര്‍വില്‍ വെറും ആറ് പോയന്റാണ് നഷ്ടപ്പെടുത്തിയത്. വളരെ കുറച്ച് അണ്ഫോഴ്സ്ഡ് എററുകള്‍ മത്രമേ ഉണ്ടായുള്ളൂ.
ലോക മൂന്നാം നമ്പര്‍ വരെയായി ഉയര്‍ന്നിട്ടുള്ള തിയേമും പരിക്കുകളുമായി മല്ലിടുകയായിരുന്നു. യോഗ്യതാ റൗണ്ടിലൂടെയാണ് ടൂര്‍ണമെന്റിനെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
