
കേപ്ടൗണ്‍: ഇന്ത്യ, ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ കേപ് ടൗണിൽ തുടക്കമാവും. പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി ഇറങ്ങുന്ന ഇന്ത്യക്ക് ജയിച്ചേ തീരൂ. കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചില്ലെങ്കിൽ 2024ലെ ആദ്യ മത്സരത്തിൽതന്നെ തോൽവിയെന്ന നിരാശയ്ക്കൊപ്പം ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് നഷ്ടമാവും.
രോഹിത്തിനും സംഘത്തിനും തിരിച്ചടിയായത് സെഞ്ചൂറിയനിലെ ഇന്നിംഗ്സ് തോൽവി. ബാറ്റർമാരും ബൗളർമാരും ഒരുപോലെ മികവ് തിരിച്ചുപിടിച്ചാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. ന്യൂ ഇയർ പോലും വലിയരീതിയിൽ ആഘോഷിക്കാതെ ടീം ഇന്ത്യ കഠിന പരിശീലനത്തിന് ഇറങ്ങിയതും ഇതുകൊണ്ടുതന്നെ. വിരാട് കോലിയും ശ്രേയസ് അയ്യരുമെല്ലാം നെറ്റ്സിൽ ചെലവഴിച്ചത് മണിക്കൂറുകൾ.
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ടീമില്‍ മാറ്റം ഉറപ്പ്. രവീന്ദ്ര ജഡേജയും മുകേഷ് കുമാറും ടീമിലെത്തുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ആർ അശ്വിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാവും സ്ഥാനം നഷ്ടമാവുക. പരിശീലനത്തിനിടെ പരിക്കേറ്റ ഷാർദുൽ ഠാക്കുർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ നായകൻ ടെംബ ബാവുമയ്ക്ക് പകരം ഡീൻ എൽഗാറായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക.
എൽഗാറിന്റെ വിടവാങ്ങൽ ടെസ്റ്റ് കൂടിയാണിത്. പേസർ ജെറാൾഡ് കോട്സിയും ദക്ഷിണാഫ്രിക്കൻ നിരയിലുണ്ടാവില്ല. തിരിച്ചടികൾ മറന്ന് പുതുവർഷത്തിൽ ശക്തമായി തിരിച്ചുവരുമെന്ന രോഹിത് ശർമ്മയുടെ വാക്കുകളിൽ വിശ്വസിച്ചാണ് ആരാധകർ കേപ് ടൗണിലേക്ക് ഉറ്റുനോക്കുക. ടോസ് കേപ്ടൗണില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പിച്ചില്‍ പച്ചപ്പുണ്ടെങ്കിലും ബാറ്റിംഗിനെ തുണക്കുന്നതാണ് കേപ്ടൗണിന്റെ ചരിത്രം. സ്പിന്നര്‍മാര്‍ക്ക് ചെറിയ ആനുകൂല്യം ലഭിക്കും.
സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയിരുന്നു. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും സമ്പൂര്‍ണമായി പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ ഇന്നിംഗ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലും രണ്ടാം ഇന്നിംഗ്സില്‍ 76 റണ്‍സടിച്ച വിരാട് കോലിയും മാത്രമാണ് ഇന്ത്യൻ നിരയില്‍ പൊരുതിയത്.
Last Updated Jan 2, 2024, 6:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]