ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ കേന്ദ്ര സർക്കാർ ആപ്പായ ‘സഞ്ചാർ സാഥി’ നിർബന്ധമാക്കിയാൽ സഹകരിക്കില്ലെന്ന് ആപ്പിൾ. ലോകത്ത് ഒരിടത്തും ഇത്തരം നിബന്ധനകൾ അംഗീകരിച്ചിട്ടില്ലെന്നും ഇത് തങ്ങളുടെ ഐഒഎസ് ഇക്കോസിസ്റ്റത്തിൻ്റെ സുരക്ഷയെ സാരമായി ബാധിക്കുമെന്നും ആപ്പിൾ നിലപാടെടുത്തു.
കമ്പനി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആപ്പിൾ തങ്ങളുടെ ഔദ്യോഗിക നിലപാട് ഉടൻ കേന്ദ്ര സർക്കാരിനെ അറിയിച്ചേക്കും.
ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രമന്ത്രി അതേസമയം, സഞ്ചാർ സാഥി ആപ്പ് സംബന്ധിച്ച വിവാദങ്ങളിൽ വിശദീകരണവുമായി കേന്ദ്ര ഐടി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താലും ആവശ്യമില്ലെങ്കിൽ ഉപഭോക്താക്കൾക്ക് അത് നീക്കം ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈബർ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചാർ സാഥി ആപ്പ് ഉൾപ്പെടുത്താൻ നിർദ്ദേശിച്ചത്. നിലവിൽ ആപ്പ് ഒരു തരത്തിലും നിർബന്ധമാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവാദങ്ങളുടെ തുടക്കം ഇന്ത്യയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന എല്ലാ പുതിയ മൊബൈൽ ഫോണുകളിലും ‘സഞ്ചാർ സാഥി’ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) നിർദ്ദേശിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നഷ്ടപ്പെട്ട
മൊബൈൽ ഫോണുകൾ കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും സഹായിക്കുന്ന ഈ പോർട്ടൽ 2023 മെയ് മാസത്തിലാണ് സർക്കാർ ആരംഭിച്ചത്. ഫോൺ ആദ്യമായി ഉപയോഗിക്കുമ്പോഴോ സെറ്റ് ചെയ്യുമ്പോഴോ ആപ്പ് ഉപഭോക്താവിന് എളുപ്പത്തിൽ ലഭ്യമാക്കണമെന്നും അതിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്നും നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും ഡിഒടി നിർദ്ദേശം നൽകിയിരുന്നു.
വ്യാജ ഫോണുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും ടെലികോം സേവനങ്ങളുടെ ദുരുപയോഗം തടയാനുമാണ് ഈ നീക്കമെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ, സഞ്ചാർ സാഥി ആപ്പ് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇത് സർക്കാരിന്റെ ബിഗ് ബ്രദർ നിരീക്ഷണത്തിൻ്റെ ഭാഗമാണെന്നും മൗലികാവകാശ ലംഘനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

