
ബ്യൂണസ് അയേഴ്സ്: മെക്സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന 2026 ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി അര്‍ജന്റീന നായകൻ ലിയോണല്‍ മെസി. എന്തും സംഭവിക്കാമെന്നും അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മെസി അര്‍ജന്റീന മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ഞാന്‍ 100 ശതമാനം ഉറപ്പിച്ച് പറയുന്നുമില്ല. എന്തും സംഭവിക്കാം. എന്റെ പ്രായം നോക്കുകയാണെങ്കില്‍ സ്വാഭാവികമായും കളിക്കാതിരിക്കാനാണ് സാധ്യത. പക്ഷെ നമുക്ക് നോക്കാം -മെസി പറഞ്ഞു.
കോപയില്‍ പ്രതീക്ഷിച്ചപോലെ എല്ലാം സംഭവിക്കുകയും പിന്നീട് അതേ പ്രകടനം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്താല്‍ അടുത്ത ലോകകപ്പില്‍ കളിച്ചുകൂടായ്കയില്ല. പക്ഷെ യാഥാര്‍ത്ഥ്യ ബോധത്തോടെ ചിന്തിച്ചാല്‍ അതിനുള്ള സാധ്യത കുറവാണുതാനും.പക്ഷെ എനിക്ക് അനായാസമായി കളിക്കാന്‍ കഴിയുകയും ടീമിനായി സംഭാവന ചെയ്യാനാകുകയും ചെയ്യുന്നുണ്ടെങ്കില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നുമില്ല.
എന്തായാലും ഇപ്പോള്‍ കോപ അമേരിക്ക മാത്രമാണ് എന്റെ മനസില്‍. അതിനുശേഷം എന്തെന്ന് കാലം ഉത്തരം നല്‍കുമെന്നും മെസി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കിയ മെസി ഇത് തന്റെ അവസാന ലോകകപ്പാണെന്ന് പറഞ്ഞിരുന്നു. അന്ന് അങ്ങനെ പറഞ്ഞെങ്കിലും മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല. അര്‍ജന്റീനക്കായി തുടര്‍ന്നും കളിച്ചു.ലോകകപ്പിനുശേഷം വിരമിക്കണമെന്ന് കരുതിയെങ്കിലും അതിന്റെ നേരെ വിപരീതമാണ് സംഭവിച്ചതെന്നും അഭിമുഖത്തില്‍ മെസി പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയില്‍ നിന്ന് അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലെത്തിയ മെസി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതതയിലുള്ള ഇന്റര്‍ മയാമിയിലാണ് ഇപ്പോള്‍ കളിക്കുന്നത്.
Last Updated Dec 2, 2023, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]