
റായ്പൂര്‍: ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി 20യില്‍ 20 റണ്‍സിന് വിജയിച്ച് ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയതിനൊപ്പം ലോക റെക്കോര്‍ഡും. രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ കണക്കില്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിനെ നീലപ്പട മറികടന്നു. പാകിസ്ഥാന് 226 മത്സരങ്ങളില്‍ 135 ജയങ്ങളാണ് നേടിയതെങ്കില്‍ ഇന്ത്യക്ക് 213 മത്സരങ്ങളില്‍ നിന്നുതന്നെ 136 വിജയങ്ങളായി. 200 കളികളില്‍ 102 ജയങ്ങളുമായി ന്യൂസിലന്‍ഡാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. നാലാമതുള്ള ഓസീസിന് 182 മത്സരങ്ങളില്‍ 95 ജയങ്ങളാണുള്ളത്.
വീരേന്ദര്‍ സെവാഗിന്റെ ക്യാപ്റ്റന്‍സിയില്‍ 2006ല്‍ കന്നി രാജ്യാന്തര ടി20 കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ 17 വര്‍ഷത്തിനിടെ 13 ക്യാപ്റ്റന്മാരാണ് നയിച്ചത്. വിജയശരാശരിയുടെ കണക്കില്‍ ഇവരില്‍ രോഹിത് ശര്‍മ്മയാണ് (76.47) മുന്നില്‍. എം എസ് ധോണിയുടെ നായകത്വത്തില്‍ 2007 ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയതും വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 50 മത്സരങ്ങളില്‍ 30 ജയം നേടിയതുമെല്ലാം ഫോര്‍മാറ്റില്‍ ടീം ഇന്ത്യയുടെ വലിയ നേട്ടങ്ങളാണ്. രാജ്യാന്തര ടി20യില്‍ ഇന്ത്യന്‍ പുരുഷ ടീമിനായി 110 താരങ്ങള്‍ക്ക് കളിക്കാനുള്ള അവസരമുണ്ടായി. ഷഹ്ബാദ് അഹമ്മദാണ് അവസാനമായി അരങ്ങേറിയ താരം.
റായ്പൂരിലെ ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. നാലാം മത്സരത്തിൽ 20 റണ്‍സിനാണ് ഇന്ത്യൻ ജയം. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയൻ ഇന്നിംഗ്സ് 20 ഓവറില്‍ 154/7 എന്ന നിലയില്‍ അവസാനിച്ചു. ബാറ്റിംഗില്‍ റിങ്കു സിംഗ് (29 പന്തില്‍ 46), ജിതേഷ് ശര്‍മ്മ (19 പന്തില്‍ 35), യശസ്വി ജയ്സ്വാള്‍ (28 പന്തില്‍ 37), റുതുരാജ് ഗെയ്ക്വാദ് (28 പന്തില്‍ 32) എന്നിവര്‍ തിളങ്ങി. ബൗളിംഗില്‍ അക്സര്‍ പട്ടേല്‍ മൂന്നും ദീപക് ചഹാര്‍ രണ്ടും രവി ബിഷ്ണോയിയും ആവേശ് ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി. പരമ്പരയിൽ 3-1ന് മുന്നിലെത്തിയ ഇന്ത്യ സ്വന്തം മണ്ണിൽ തുടര്‍ച്ചയായ 14-ാം ട്വന്റി 20 പരമ്പര വിജയവും സ്വന്തമാക്കി.
Last Updated Dec 2, 2023, 8:02 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]