
കണ്ണൂർ: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘത്തെ അഭിനന്ദിച്ച് സിപിഎം നേതാവ് പികെ ശ്രീമതി. ‘കേരളാ പൊലീസ് അഭിമാനം. സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ ഡിക്ടക്ടീവ് പൊലീസിനെ പിന്നിലാക്കി. അഭിനന്ദനങ്ങള്‍ നിശാന്തിനീ’ എന്നാണ് സംഭവത്തിന് പിന്നാലെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസിനെ അഭിനന്ദിച്ച് നടന് ഷെയിന്‍ നിഗം, സികെ ഹരീന്ദ്രന്‍ എംഎല്‍എ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവര്‍ പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ശ്രമിച്ചു. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരിലൊരാള്‍ താക്കോല്‍ വാങ്ങി. പിന്നീട് മല്‍പിടുത്തത്തിനോ ചെറുത്തുനില്പിനോ തയാറാകാതെ ഇവര്‍ കീഴടങ്ങുകയായിരുന്നു. പ്രതികളാണെന്ന് ഉറപ്പിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവരുടെ ചിറക്കരയിലെ ഫാം ഹൗസില്‍ നിന്നാണ് പൊലീസിന് നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് സംഘം ചാത്തന്നൂരിലെ വീട്ടിലെത്തിയെങ്കിലും ഇവര്‍ അവിടെ ഉണ്ടായിരുന്നില്ല. സ്വിഫ്റ്റ് കാര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇവര്‍ ഇന്നലെയാണ് നീല കാറില്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടത്. രേഖാചിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കിടയിലും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നു. സാമ്പത്തിക തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Last Updated Dec 1, 2023, 8:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]