
5:00 PM IST:
കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേർ കസ്റ്റഡിയില്‍. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായിരിക്കുന്നത് തമിഴ്നാട് പുളിയറയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരില്‍ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണുള്ളത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
1:58 PM IST:
ഏഴു ദിവസത്തെ വെടിനിർത്തലിന് ശേഷം ഇസ്രയേൽ ഗാസയിൽ കനത്ത വ്യോമാക്രമണം പുനരാരംഭിച്ചു. യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ കുട്ടികൾ അടക്കം എട്ടു പലസ്തീനികൾ കൊല്ലപ്പെട്ടു. സമാധാന കരാർ ലംഘിച്ച് ഹമാസ് മിസൈൽ തൊടുത്തതുകൊണ്ടാണ് വീണ്ടും ആക്രമണം തുടങ്ങിയതെന്ന് ഇസ്രയേൽ വാദിക്കുന്നത്. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും നിരവധി കേന്ദ്രങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. കുട്ടികൾ അടക്കം നിരവധിപ്പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയമാണ് അറിയിച്ചത്. ഏഴു ദിവസത്തെ വെടിനിർത്തലിൽ ഹമാസിന്റെ പിടിയിലായിരുന്ന 110 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്.ഇസ്രയേലി ജയിലുകളിൽ തടവിലായിരുന്ന 240 പലസ്തീനികളും സ്വതന്ത്രരായി
1:57 PM IST:
മൂവാറ്റുപ്പുഴയില്‍ അതിഥി തൊഴിലാളിയുടെ മകന് ഷോക്കേറ്റു മരിച്ചു. സഹോദരന് പരിക്കേറ്റു. മൂവാറ്റുപ്പുഴ പേഴക്കാപ്പിള്ളിയിലാണ് ഇന്ന് രാവിലെ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് മരിച്ചുത്. 11വയസുകാരനായ റാബുല്‍ ഹുസൈനാണ് മരിച്ചത്. റാബുലിന്റെ സഹോദരനും പരിക്കേറ്റു. റാബുലിന്റെ സഹോദരന്റെ കാലുകള്‍ക്കാണ് പൊള്ളലേറ്റത്. ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം. സംഭവത്തെതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 11വയസുകാരായ റാബുലിനെ രക്ഷിക്കാനായില്ല. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്
11:58 AM IST:
കാലിക്കറ്റ് സർവകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചു. സെനറ്റ് അംഗങ്ങൾക്കായി വി.സി നൽകിയ പട്ടിക പൂർണ്ണമായി വെട്ടിയായിരുന്നു ഗവർണർ 18 അംഗങ്ങളെ ശുപാർശ ചെയ്തത്. സിൻഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവർണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിൻഡിക്കറ്റ് അംഗങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്കിയ പട്ടിക യൂനിവേഴ്സിറ്റി അംഗീകരിച്ചത്.
11:36 AM IST:
ആനായിക്കല്‍ സ്വദേശി മനോജ് ഇനി തെരുവിലെ പാട്ടുകാരനല്ല. മനോജിന്റെ സ്വരമാധുര്യം ഇനി സിനിമയിലൂടെ കേള്‍ക്കാം. ശശീന്ദ്ര സംവിധാനം നിര്‍വഹിക്കുന്ന ഓറ എന്ന സിനിമയില്‍ ഗാനം ആലപിക്കുന്നതിനാണ് മനോജിന് അവസരം ലഭിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് കുന്നംകുളം സ്റ്റാന്‍ഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന മനോജിനെ കണ്ടെത്തിയത്. മനോജിന്റെ സുഹൃത്തും ഗായകനുമായ പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയാണ് മനോജിന് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചകാര്യം ഫേയ്സ്ബുക്കിലൂടെ അറിയിച്ചത്. മനോജിന് ഇങ്ങനെയാരു അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്ക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നന്ദിയുണ്ടെന്നും ശ്രീജിത്ത് കൃഷ്ണ പറഞ്ഞു.
11:35 AM IST:
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ഓട്ടോറിക്ഷയിൽ തന്നെയാണ് പ്രതികള്‍ സഞ്ചരിച്ചതെന്ന നിര്‍ണായകമായ വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. കുളമടയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
10:20 AM IST:
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് കെയർ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നിൽക്കുന്നത്.
8:17 AM IST:
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിൽ ഉപയോഗിച്ച ഓട്ടോ കൊല്ലം രജിഷ്ട്രഷനിലുള്ളതെന്ന് വിവരം. ഓട്ടോയുടെ മുന്നിൽ ചുമന്ന നിറത്തിലുളള പെയിന്റിംഗും മുന്നിലെ ഗ്ലാസിലും എഴുത്തുമുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.
8:16 AM IST:
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തിന് പിന്നിൽ വൻ ഗൂഡാലോചനയെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന് ഒന്നിലധികം വ്യാജ നമ്പറുകളുണ്ടെന്നാണ് വിവരം. ഒരേ റൂട്ടിൽ പല നമ്പർ പ്ലേറ്റുകൾ വച്ച് കാർ ഓടിച്ചുവെന്നാണ് വിവരം. ഇത് അന്വേഷണം വഴിമുട്ടിക്കുന്നതിനുള്ള പ്രതികളുടെ തന്ത്രമാണ്. കുട്ടിയെ ആശ്രാമം മൈതാനത്തെത്തിച്ച ഓട്ടോയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
8:16 AM IST:
സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1 ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15,വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.
8:15 AM IST:
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർക്ക് 50 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടിയെന്ന് ആരോപണം. പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ സുരക്ഷയ്ക്ക് നിയോഗിച്ചതാണ് ദുരിതത്തിന് കാരണം.
8:15 AM IST:
സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും. സമരത്തിന്റെ ഭാഗമായി മുതൽ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
8:14 AM IST:
പത്തനംതിട്ട സിപിഐയിൽ പൊട്ടിത്തെറി. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് എ.പി. ജയൻ പുറത്തായതിന് പിന്നാലെ രാജിക്കൊരുങ്ങി ഒരു വിഭാഗം നേതാക്കള്‍. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയന് വ്യക്തമായ പങ്കുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
8:14 AM IST:
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.