
ബജറ്റിലും കളക്ഷനിലുമൊക്കെ ബോളിവുഡിനെ മറികടക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു ഇന്ന് തെന്നിന്ത്യന്‍ സിനിമ. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ റീച്ച് ആണ് കളക്ഷന്‍ വര്‍ധിച്ചതിന് ഒരു ഘടകം. സിനിമകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ തടസ്സമല്ലെന്ന് സാധാരണ സിനിമാപ്രേമിയെ ബോധ്യപ്പെടുത്തിയ ഒടിടിയുടെ കടന്നുവരവും തെന്നിന്ത്യന്‍ സിനിമയുടെ പാന്‍ ഇന്ത്യന്‍ റീച്ച് ത്വരിതപ്പെടുത്തിയ ഘടകമാണ്. ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ 10 തെന്നിന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് ചുവടെ. ലിസ്റ്റില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമയുണ്ട് എന്നത് മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണ്.
ഒരിടയ്ക്ക് തെലുങ്ക് സിനിമകളാണ് കളക്ഷനില്‍ അത്ഭുതങ്ങള്‍ കാട്ടിയതെങ്കില്‍ ഈ വര്‍ഷം അത് തമിഴ് സിനിമകളാണ്. വിജയശരാശരി നോക്കിയാല്‍ ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ ഈ വര്‍ഷം ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കോളിവുഡ് ആണ്. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലേക്ക് ഇടംപിടിക്കുന്ന പല ചിത്രങ്ങളും ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ടു. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം ലിയോ ആണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തെന്നിന്ത്യന്‍ ഹിറ്റ്. 615 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്.
രണ്ടാം സ്ഥാനത്തും തമിഴ് ചിത്രം തന്നെ. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായ ജയിലര്‍ ആണ് ആ ചിത്രം. വിനായകന് പ്രതിനായകനായ, മോഹന്‍ലാലും ശിവ രാജ്കുമാറും അതിഥിതാരങ്ങളായെത്തിയ ജയിലറിന്റെ ആഗോള ഗ്രോസ് 607 കോടിയാണ്. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ആദിപുരുഷ് ആണ് മൂന്നാം സ്ഥാനത്ത്. 353 കോടിയാണ് ചിത്രത്തിന്റെ ഫൈനല്‍ വേള്‍ഡ് വൈഡ് ഗ്രോസ്. 4, 5 സ്ഥാനങ്ങളില്‍ വീണ്ടും തമിഴ് സിനിമകള്‍ തന്നെ. മണി രത്നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം പൊന്നിയിന്‍ സെല്വന് രണ്ടും വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രം വാരിസും. പിഎസ് രണ്ട് 343 കോടിയും വാരിസ് 292 കോടിയുമാണ് നേടിയത്.
ആറാം സ്ഥാനത്ത് വീണ്ടുമൊരു തെലുങ്ക് ചിത്രമാണ്. ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യയാണ് ചിത്രം. 210 കോടിയാണ് ഗ്രോസ്. ഏഴാം സ്ഥാനത്ത് അജിത്ത് കുമാര്‍ നായകനായ തുനിവ് ആണ്. 196 കോടിയാണ് ആഗോള ഗ്രോസ്. എട്ടാം സ്ഥാനത്ത് ഒരു മലയാള ചിത്രമാണ്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം നിര്‍വ്വഹിച്ച 2018 ആണ് ആ ചിത്രം. 9, 10 സ്ഥാനങ്ങളില്‍ തെലുങ്ക് ചിത്രങ്ങളാണ്. നന്ദമുറി ബാലകൃഷ്ണ നായകനായ വീര സിംഹ റെഡ്ഡിയും നാനി നായകനായ ദസറയും. വീര സിംഹ റെഡ്ഡി നേടിയത് 119 കോടിയും ദസറ നേടിയത് 115 കോടിയുമാണ്.
Last Updated Dec 1, 2023, 5:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]