
കാണ്‍പൂര്‍: കാണ്‍പൂരില്‍ കഴിഞ്ഞ മാസം നടന്ന സ്കൂള്‍ അധ്യാപകന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. സംഭവത്തില്‍ മരിച്ച അധ്യാപകന് രാജേഷ് ഗൗതമിന്റെ ഭാര്യ ഊര്‍മിള കുമാരി (32), ആണ്‍സുഹൃത്ത് ശൈലേന്ദ്ര സോങ്കര്‍ (34), സഹായി വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി സുമിതിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
നവംബര്‍ നാലിനാണ് കാണ്‍പൂരില്‍ നടന്ന ഒരു അപകടത്തില്‍ രാജേഷ് മരിച്ചത്. മഹാരാജ്പൂരിലെ ഒരു പ്രൈമറി സ്കൂളിലെ അധ്യാപകനായ ദഹേലി സുജന്‍പൂര്‍ സ്വദേശി രാജേഷ് കൊയ്ല നഗറിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ അമിത വേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടശേഷം കാറിലുണ്ടായിരുന്നവര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സംഭവം അപകടമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുണ്ടെന്ന സംശയം ഉയര്‍ന്നത്. രാജേഷിന്റെ സഹാദരനും കൊലപാതകമാണെന്ന സംശയം ഉന്നയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി നാല് സംഘങ്ങളെ നിയോഗിച്ചു.
സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചതോടെ രാജേഷിന്റെ ഭാര്യ ഊര്‍മിളയെ പൊലീസ് ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തി. ഇതിലാണ് സംഭവത്തിലെ ഊര്‍മിളയുടെ പങ്ക് പുറത്തുവന്നത്. രാജേഷിന്റെ പേരിലുള്ള 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷൂറന്‍സും തട്ടിയെടുത്ത ശേഷം, ശൈലേന്ദ്രനൊപ്പം ജീവിക്കാന്‍ വേണ്ടി ഊര്‍മിളയുടെ പദ്ധതി പ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
വിശദമായ ചോദ്യം ചെയ്യലില്‍ ഊര്‍മിള ഇക്കാര്യങ്ങള്‍ സമ്മതിച്ചതായും ഘതംപൂര്‍ എസിപി ദിനേശ് കുമാര്‍ ശുക്ല അറിയിച്ചു. ‘രാജേഷിനെ കൊല്ലാന്‍ ഡ്രൈവര്‍മാരായ വികാസിനും സുമിത് കതേരിയയ്ക്കും നാല് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. നവംബര്‍ നാല് രാവിലെ രാജേഷ് നടക്കാന്‍ ഇറങ്ങിയതോടെ, വിവരം ഊര്‍മിള ശൈലേന്ദ്രയെ അറിയിച്ചു. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് വികാസ്, രാജേഷിനെ ഇക്കോ സ്പോര്‍ട്ട് കാറിലെത്തി ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.’ പിന്നാലെ മറ്റൊരു കാറിലെത്തിയ സുമിത് വികാസുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവന്ന് എസിപി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]