
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ഉഗാണ്ടയിൽ നിന്നുള്ള 70 -കാരി. അത്ഭുതം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. ഐവിഎഫ് ചികിത്സയെ തുടർന്നാണ് സ്ത്രീ ഗർഭിണിയായത്. തലസ്ഥാനമായ കമ്പാലയിലെ ഫെർട്ടിലിറ്റി സെന്ററിൽ വച്ച് സിസേറിയനിലൂടെയാണ് സഫീന നമുക്വായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമാണ് സഫീനയ്ക്ക്.
ആശുപത്രി സഫീനയെ അഭിനന്ദിച്ചു. ഇത് ഒരു മെഡിക്കൽ വിജയത്തേക്കാളും ഒക്കെ അപ്പുറമാണ്. ഇത് ഒരാളുടെ മനസിന്റെ കരുത്തിനെയും ഉല്പതിഷ്ണുതയേയുമാണ് കാണിക്കുന്നത് എന്നും ആശുപത്രി പറഞ്ഞു. വിമൻസ് ഹോസ്പിറ്റൽ ഇന്റർനാഷണൽ ആൻഡ് ഫെർട്ടിലിറ്റി സെന്ററിലെ (WHI&FC) ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റായ ഡോ. എഡ്വേർഡ് തമലെ സാലി ബിബിസിയോട് പറഞ്ഞത് ഐവിഎഫിനായി അമ്മ ഒരു ദാതാവിന്റെ അണ്ഡവും അവളുടെ പങ്കാളിയുടെ ബീജവുമാണ് ഉപയോഗിച്ചത് എന്നാണ്.
മാസം തികയാതെ 31 -ാമത്തെ ആഴ്ചയിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. അവരെ പിന്നീട് ഇൻകുബേറ്ററുകളിലാക്കി. നിലവിൽ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് ഡോക്ടർ പറയുന്നു. “ഞങ്ങളിതാ ഒരു അസാധാരണമായ നേട്ടം കൈവരിച്ചിരിക്കുന്നു. 70 വയസ്സുള്ള ആഫ്രിക്കയിലെ ഏറ്റവും പ്രായമുള്ള ഒരു അമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നു” എന്നാണ് WHI&FC തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.
തനിക്ക് ഇരട്ടക്കുട്ടികളുണ്ടാകാൻ പോകുന്നുവെന്ന് മനസിലാക്കിയതോടെ തന്റെ പങ്കാളി തന്നെ ഉപേക്ഷിച്ചിട്ടു പോയ്ക്കളഞ്ഞു. അതിനാൽ തന്നെ തന്റെ ഗർഭകാലം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് ഉഗാണ്ടയിലെ ഡെയ്ലി മോണിറ്റർ ദിനപത്രത്തോട് സഫീന പറഞ്ഞിരുന്നു. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകുന്നത് പുരുഷന്മാർ ഇഷ്ടപ്പെടുന്നില്ല. തനിക്ക് ഇരട്ടക്കുട്ടികളാണ് എന്ന് അറിഞ്ഞ ശേഷം തന്റെ പങ്കാളി തനിക്കരികിൽ വന്നിട്ടില്ല, ഒരിക്കൽ പോലും ആശുപത്രിയിൽ സന്ദർശിച്ചില്ല എന്നും അവർ പറഞ്ഞു. 2020 -ൽ ജനിച്ച ഒരു കുട്ടി കൂടിയുണ്ട് ഇവർക്ക്.
തനിക്ക് കുട്ടികളുണ്ടാകാത്തതിൽ വലിയ വിഷമമായിരുന്നു. എല്ലാവരും കുട്ടികളുമായി നടക്കുന്നത് കാണുമ്പോൾ തനിക്ക് വേദന തോന്നുമായിരുന്നു. തനിക്ക് പ്രായമാകുമ്പോൾ തന്നെ ആരാണ് നോക്കുക എന്ന് എപ്പോഴും പേടിയുമുണ്ടായിരുന്നു എന്നും 70 -കാരി പറഞ്ഞു.
2019 -ൽ ഇന്ത്യയിലെ ഒരു 73 -കാരി IVF ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 1, 2023, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]