കോഴിക്കോട്: ശാരീരിക പരിമിതികളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച് കണ്ണൻ വീൽചെയറിൽ യാത്ര തുടരുന്നു. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ ഈ 49-കാരൻ, കൊല്ലൂർ മൂകാംബികാ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള തീർത്ഥാടനത്തിൻ്റെ പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അപകടത്തിൽ ഒരു കാൽ നഷ്ടപ്പെടുകയും മറ്റൊന്നിന് സ്വാധീനക്കുറവ് സംഭവിക്കുകയും ചെയ്തിട്ടും തളരാത്ത നിശ്ചയദാർഢ്യവുമായാണ് കണ്ണൻ്റെ ഈ യാത്ര. നിലവിൽ കാസർകോട് നഗരത്തിന് സമീപമാണ് ഇദ്ദേഹമുള്ളത്.
ആറ് വർഷത്തെ കിടപ്പ്, സ്നേഹവീടൊരുക്കി നാട് 2013-ൽ കോൺക്രീറ്റ് ജോലിക്കിടെയുണ്ടായ അപകടമാണ് കണ്ണൻ്റെ ജീവിതം മാറ്റിമറിച്ചത്. അപകടത്തെത്തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു, നീണ്ട
ആറ് വർഷക്കാലം കിടപ്പിലായിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിൻ്റെ ദുരിതമറിഞ്ഞ് വിളയിൽ സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷമീറയുടെ നേതൃത്വത്തിൽ സുമനസ്സുകൾ ഇവർക്കൊരു വീട് നിർമ്മിച്ച് നൽകി.
തൻ്റെ ഏറ്റവും വലിയ സ്വപ്നമായ വീട് യാഥാർത്ഥ്യമായപ്പോൾ, അതിന് സഹായിച്ചവരോടുള്ള നന്ദി പ്രകടനമായാണ് കണ്ണൻ ആദ്യമായി വീൽചെയറിൽ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. 22 ദിവസം കൊണ്ട് പൂർത്തിയാക്കിയ ആ യാത്രയ്ക്ക് ശേഷം രണ്ട് തവണ കൂടി അദ്ദേഹം ശബരിമല ദർശനം നടത്തി.
കൈകൾ തളരുമ്പോൾ വിശ്രമം, കരുത്തായി വഴിയോരത്തെ സ്നേഹം ഒക്ടോബർ 16-ന് മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തിൽ നിന്നാണ് മൂകാംബികയിലേക്കുള്ള ഈ തീർത്ഥാടനം ആരംഭിച്ചത്. ദിവസവും ശരാശരി 20 മുതൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കും.
കൈകൾ വേദനിക്കുമ്പോൾ അന്നത്തെ യാത്ര അവസാനിപ്പിക്കും. രാത്രിയിൽ ക്ഷേത്രങ്ങളിലോ വഴിയോരത്തോ വിശ്രമിച്ച്, അടുത്തുള്ള പെട്രോൾ പമ്പുകളിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച ശേഷമാണ് രാവിലെ വീണ്ടും യാത്ര തുടങ്ങുന്നത്.
വഴിയിൽ വെച്ച് കണ്ടുമുട്ടുന്നവർ നൽകുന്ന ഭക്ഷണവും സഹായവും യാത്രയ്ക്ക് ഊർജ്ജമാകുന്നു. ഒരു മാസത്തിനുള്ളിൽ മൂകാംബികയിൽ എത്താനാകുമെന്നാണ് കണ്ണൻ്റെ പ്രതീക്ഷ.
ഭാര്യയും മക്കളും ഫോണിലൂടെ നൽകുന്ന പിന്തുണയാണ് തൻ്റെ ഏറ്റവും വലിയ കരുത്തെന്നും കണ്ണൻ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

