
ഹരിപ്പാട് : ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്പിൽ ഉത്തമന്റെ ഭാര്യ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. വിത്തു ഉൽപാദന കേന്ദ്രത്തിലെ കൃഷിയിടം ഒരുക്കുന്നതിനിടെ ശക്തമായ മഴയെ തുടർന്ന് കരയിലേക്ക് നടന്നു വരവെ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു.
സഹതൊഴിലാളികളും ജീവനക്കാരും ചേർന്ന് ശ്യാമളയെ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ഉമേഷ്, സുമേഷ്. മരുമക്കൾ: നീതു , രേവതി സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഗതാഗതവും തടസപ്പെട്ടു.
പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും മഴ തുടരുകയാണ്. തൃക്കാക്കരയിൽ രണ്ട് ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാക്കനാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിന് സമീപത്തും എൻ.ജി.ഒ ക്വാർട്ടേഴ്സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണൽ മരങ്ങളാണ് കടപുഴകിയത്. സിവിൽ ലൈൻ റോഡിൽ ഗതാഗതം തടസപ്പെട്ടു. തൃക്കാക്കര ഫയർ സ്റ്റേഷനിലെ റെസ്ക്യു ടീം മരങ്ങൾ മുറിച്ചു മാറ്റുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]