
.news-body p a {width: auto;float: none;}
ന്യൂഡൽഹി: വിമാനങ്ങൾക്കുനേരെ അടിക്കടി ഉയരുന്ന വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നാലെ എയർഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ എയർഇന്ത്യ എഐ916 എന്ന വിമാനത്തിൽ നിന്ന് ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. കഴിഞ്ഞ മാസം 27നാണ് വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
യാത്രക്കാർ ഇറങ്ങിയ ശേഷം വിമാനം വൃത്തിയാക്കുന്നതിനിടയിൽ ജീവനക്കാർക്ക് വെടിയുണ്ടകൾ ലഭിക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു. അപ്പോൾ തന്നെ സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് എയർഇന്ത്യ എയർപോർട്ട് പൊലീസിന് പരാതി നൽകുകയായിരുന്നുവെന്ന് വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വെടിയുണ്ടകൾ കണ്ടെടുത്ത സീറ്റിന് സമീപത്തായി ഇരുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി പരിശോധനകൾ നടത്തിയിരുന്നു. എവിടെ നിന്നുണ്ടായ വീഴ്ചയാണെന്ന് പരിശോധിച്ചുവരികയാണെന്നും ഗൗരവമുളള വിഷയമാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച നേപ്പാളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിനും വ്യാജ ബോംബ് ഭീഷണി നേരിട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയായിരുന്നു ഇത്. ഇതോടെ എയർപോർട്ട് അധികൃതർ ജീവനക്കാരുടെയും യാത്രിക്കാരുടെയും സുരക്ഷ വർദ്ധിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. ഭീഷണി യഥാർത്ഥത്തിലുള്ളതാണോ വ്യാജമാണോയെന്ന് കൃത്യമായി കണ്ടെത്താൻ സമഗ്ര പരിശോധനയ്ക്ക് സുരക്ഷാ സമിതിക്ക് കൂടുതൽ അധികാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു. ഭീഷണിപ്പെടുത്തുന്നവർക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ, ഭീഷണിക്ക് പിന്നിൽ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടോ, അന്താരാഷ്ട്രതലത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും.