
.news-body p a {width: auto;float: none;}
പ്രയാഗ്രാജ്: യുപിയിൽ സർക്കാർ സംവിധാനങ്ങളെല്ലാം മഹാകുംഭമേളയുടെ അവസാനഘട്ട ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ആഭിമുഖ്യത്തിൽ 500 വകുപ്പുകളായാണ് കംഭമേളയ്ക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബർ 15ന് മുമ്പ് എല്ലാ ഒരുക്കങ്ങളും തീർത്തിരിക്കണമെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയിരിക്കുന്ന ശാസനം. 2013ൽ നടന്ന മഹാകുംഭമേളയുടെ മൂന്നിരട്ടി തുകയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്. ഐഐടി കാൺപൂർ, ഐഐടി പ്രയാഗ്രാജ്, മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയുടെ നേതൃത്വത്തിലാണ് പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. 4000 ഹെക്ടറിലായി വിസ്തൃതിയിലാണ് കുംഭമേളയുടെ പരിധി. ഇവയെ തന്നെ 25 അഡ്മിനിസിട്രേറ്റീവ് ബ്ളോക്കുകളായി തിരിച്ചിട്ടുണ്ട്. 2300 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. 99 ഇടങ്ങളിൽ പാർക്കിംഗ് കേന്ദ്രങ്ങളുണ്ട്. ഒന്നരലക്ഷം ടോയ്ലറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഗംഗയ്ക്ക് കുറുകേ 30 താൽക്കാലിക പാലങ്ങൾ, 67000 എൽഇഡി ലൈറ്റുകൾ, 2000 സോളാർ ഹൈബ്രിഡ് ലൈറ്റുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. 1249 കിലോമീറ്റർ വാട്ടർ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. 200 വാട്ടർ എടിഎമ്മുകൾ, 85 വാട്ടർ പമ്പുകൾ എന്നിവയും സജ്ജമാക്കി.
പൊതുഗതാഗത സംവിധാനത്തിനായി 7000 ബസുകളാണ് ഓടിക്കുക. ഇതുകൂടാതെ, 550 ഷട്ടിൽ ബസുകളും സർവീസ് നടത്തും. 825 ട്രെയിനുകൾ സ്പെഷ്യൽ സർവീസ് നടത്തും. 6000 കോടിയാണ് ഇത്തവണത്തെ കുംഭമേളയുടെ ബഡ്ജറ്റ്. എന്നാൽ അതിന്റെ ഇരട്ടി വരുമാനം മഹാകുംഭമേള നടത്തിപ്പിലൂടെ സർക്കാരിന് ലഭിക്കും എന്നതാണ് മറ്റൊരു വസ്തുത.
കുംഭമേളയുടെ ഐതിഹ്യം
ദേവാസുര യുദ്ധം നടക്കുന്ന സമയത്ത് അമൃത് നഷ്ടപ്പെട്ടു പോകാതിരിക്കാനായി ഗരുഡൻ അമൃത കുംഭവുമായി പറന്നു. വിശ്രമിക്കുന്നതിനായി ഗരുഡൻ ഇറങ്ങിയത് അസുരന്മാർ ആക്രമിക്കാത്ത നാല് തീർത്ഥഘട്ടങ്ങളിൽ. ഈ തീർത്ഥഘട്ടങ്ങളുടെ നടുവിൽ അമൃതകുംഭം വച്ചാണ് ഗരുഡൻ വിശ്രമിച്ചത്. 12 ദിവസങ്ങളിലായാണ് ദേവാസുര യുദ്ധം നടന്നത്. 12 വർഷം കൂടുമ്പോൾ ഗരുഡൻ വിശ്രമിച്ച ഈ നാല് സ്ഥലങ്ങളിലും അമൃതിന്റെ സാന്നിദ്ധ്യമുണ്ടാകും എന്നാണ് വിശ്വാസം. അമൃതിന്റെ സാന്നിദ്ധ്യമുള്ള പുണ്യ തീർത്ഥങ്ങളിൽ സ്നാനം ചെയ്യുന്നതിന് സർവദേവ കിങ്കിര ഋഷീശ്വരന്മാരും എത്തും. ഹരിദ്വാർ (മായാപുരി), പ്രയാഗ് രാജ്, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളാണ് കുംഭമേള നടക്കുന്ന തീർത്ഥഘട്ടങ്ങൾ. ഈ നാലിടങ്ങളിലും 12 കൊല്ലം കൂടുമ്പോൾ കുംഭമേള നടക്കും. ഇതുകൂടാതെ പ്രയാഗിലും ഹരിദ്വാറിലും അർദ്ധ കുംഭമേളയും നടക്കും.
ആചാരപരമായി കുംഭമേള എന്നത് സ്നാനമാണ്. ഇതിന് മുഹൂർത്തങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരു കുംഭമേളയുടെ കാലയളവ് നാല് മാസത്തോളമാണ്. ഇതിൽ അമൃതിന്റെ സാന്നിദ്ധ്യമുള്ള മുഹൂർത്തങ്ങളിൽ സ്നാനം ചെയ്യുന്നതാണ് ആചാരപരമായ ചടങ്ങ്. ഷാഹി സ്ന്യാൻ എന്നാണ് അത് അറിയപ്പെടുക. ഈ മുഹൂർത്തങ്ങളിൽ അഹാഡ സന്യാസിമാർക്കൊപ്പം വലിയ ഘോഷയാത്രയായാണ് സ്നാനത്തിന് പോവുക. ഹിമാലയത്തിൽ നിന്നടക്കം 70 ലക്ഷത്തോളം അഘാഡ സന്യാസിമാർ ഓരോ കുംഭമേളയ്ക്കും എത്തും. കൂടാതെ സാധാരണക്കാരായ വിശ്വാസികളും അസംഖ്യം എത്തും. പ്രയാഗ്രാജിലെ കഴിഞ്ഞ കുംഭമേളയിൽ 12 കോടി ആളുകൾ പങ്കെടുത്തു എന്നാണ് നിഗമനം.
മഹാകുംഭമേള
ഇത്തവണത്തെ കുംഭമേള മഹാകുംഭമേള എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ പ്രത്യക്ഷത്തിൽ മഹാകുംഭമേളയ്ക്കും പൂർണകുംഭമേളയ്ക്കും തമ്മിൽ ഇല്ല. 13 അഘാഡകളാണ് കുംഭമേളയുടെ നേതൃസ്ഥാനത്തുള്ളത്. ഇത്തവണത്തെ കുംഭമേളയിൽ ജനുവരി 13 പൗർണമി ദിവസം സ്നാനം ആരംഭിക്കും. തുടർന്ന് ശിവരാത്രി വരെയാണ് പ്രധാന സ്നാനങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്നാനം ജനുവരി അവസാനം വരുന്ന മൗനി അമാവാസി നാളിലാണ്. ഷഹീ സ്നാന ദിവസങ്ങളിൽ അങ്ങോട്ട് എത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. കാരണം, ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആളുകൾ പ്രയാഗ് രാജിൽ എത്തും എന്നുള്ളതുകൊണ്ടുതന്നെ. അഘാഡകളെ സംബന്ധിച്ച് ഏറ്റവും പ്രധാന തീരുമാനവങ്ങൾ എടുക്കുന്നത് ഈ കുംഭമേളയിൽ വച്ചാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിൽ നിന്ന് ട്രെയിൻ മാർഗം കുംഭമേളയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് എറണാകുളം- പാട്ന എക്സ്പ്രസ് തിരഞ്ഞെടുക്കാം. ശനിയാഴ്ച അർദ്ധരാത്രിയാണ് ട്രെയിൻ പുറപ്പെടുക. ചൊവ്വാഴ്ചയാണ് പ്രയാഗ്രാജിൽ എത്തുക. വിമാന മാർഗം തിരഞ്ഞെടുക്കുന്നവർക്ക് ലഖ്നൗ എയർപോർട്ടിലോ കാശിയിലോ ഇറങ്ങാം. വരുന്നവർക്കെല്ലാം സൗജന്യമായി ഭക്ഷണം ലഭിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, ഷഹീ സ്നാനത്തിന്റെ അന്ന് പ്രയാഗ്രാജിൽ വന്നിറങ്ങാമെന്ന് വിചാരിക്കുന്നത് മടയത്തരമാകും. ഷഹീ സ്നാനത്തിന് രണ്ടുദിവസം മുമ്പോ ശേഷമോ അനങ്ങാൻ കഴിയില്ല. അത്രയും തിരക്കാകും ഉണ്ടാവുക.
ഭാരതത്തെ അറിയുന്നതിന് ഒരു കുംഭമേളയിൽ പങ്കെടുത്താൽ മതിയാകും. പല ആചാരങ്ങൾ, വേഷം, ഭക്ഷണം എന്നിവയുടെയെല്ലാം സംഗമമാണ് കുംഭമേള. ഇവിടെ എത്തുന്നയാൾക്ക് ഇതെല്ലാം അനുഭവിച്ചറിയാൻ സാധിക്കും.