
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു. നേരത്തെ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്.
പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. അതിന്റെ പ്രയോജനം മുഖ്യമന്ത്രിക്കും കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും ഈ ഡീലിന്റെ ഭാഗമാണ്. കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ്.
2021 ല്‍ ബിജെപി 41.4 കോടിയോളം കേരളത്തിലെത്തിച്ചെന്നാണ് കേരള പോലീസ് കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ് ഇത്രയും വലിയ തുക കൊണ്ടുവന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതേയില്ല. സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഒക്കച്ചങ്ങാതിമാരായ കേസു കൂടിയാണിത്. സംസ്ഥാന പോലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രന് വെല്ലുവിളി നടത്തുന്നത്.
സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ഈ കേസില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിര്‍ജ്ജീവമായത്. പ്രത്യക്ഷത്തില്‍ കള്ളപ്പണയിടപാട് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും ഇഡി കേസെടുക്കാത്തതും അതിനെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതും സിപിഎമ്മിന്റെയും ബിജെപിയുടെയും ഡീലിന്റെ ഭാഗമായാണ്.
ഇരുകൂട്ടരും കൂടി കൊട്ടിയടച്ച കേസാണ് ബിജെപി മുന്‍ ജീവനക്കാരന്റെ തുറന്നുപറച്ചിലിലൂടെ വീണ്ടും തുറന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അതു തെളിയിക്കാനുള്ള അവസരമാണിത്. നേരത്തെ സുരേന്ദ്രനെ സാക്ഷിയാക്കിയപ്പോള്‍, പ്രതിയാകാന്‍ അധികം ദൂരമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാനുള്ള അവസരം കൂടിയാണിതെന്ന് സുധാകരന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]