തായ്പേയ്: തായ്വാന് മേൽ വീണ്ടും സമ്മർദ്ദ തന്ത്രവുമായി ചൈന. ഇന്നർ മംഗോളിയയിലുള്ള സുരിഹെ പരിശീലന കേന്ദ്രത്തിൽ ചൈന അധിനിവേശ പരിശീലനം ഊർജ്ജിതമാക്കിയതായി റിപ്പോർട്ട്.
തായ്വാന്റെ തലസ്ഥാനമായ തായ്പേയിലെ സർക്കാർ കെട്ടിടങ്ങളുടെ ഒരു വലിയ മാതൃക (മോക്ക്-അപ്പ്) വികസിപ്പിച്ചുകൊണ്ട് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നതായാണ് റിപ്പോർട്ട്. തായ്പേയ് ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
മുമ്പും മോക്ക്-അപ്പ് സൈറ്റിൽ ചൈന പരിശീലനം നടത്തുന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, 2020ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള മോക്ക്-അപ്പ് സൈറ്റിന്റെ വലിപ്പം ഏകദേശം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
തായ്വാനിലെ പ്രസിഡൻഷ്യൽ ഓഫീസ് കെട്ടിടം, ജുഡീഷ്യൽ യുവാൻ, വിദേശകാര്യ മന്ത്രാലയം, അടുത്തിടെ കൂട്ടിച്ചേർത്ത പ്രതിരോധ മന്ത്രാലയത്തിന്റെ റിസർവ് കമാൻഡ് എന്നിവയുടെ മാതൃകകളാണ് മോക്ക്-സൈറ്റിലുള്ളത്. പ്രസിഡൻഷ്യൽ ഓഫീസ് കെട്ടിടത്തെ ജുഡീഷ്യൽ യുവാനുമായി ബന്ധിപ്പിക്കുന്ന 280 കിലോമീറ്റർ നീളമുള്ള പുതുതായി നിർമ്മിച്ച തുരങ്കമാണ് പുതിയ കൂട്ടിച്ചേർക്കലുകളിൽ ശ്രദ്ധേയം.
തായ്വാൻ നേതാക്കൾ ഭൂഗർഭ ഷെൽട്ടറുകളെ ആശ്രയിച്ചാലും അവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ചൈന ഇതുവഴി നൽകുന്നത്. ഒരു പതിറ്റാണ്ടിലേറെയായി പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഈ മോക്ക് സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തുന്നുണ്ട്.
2015-ൽ വ്യാജ പ്രസിഡൻഷ്യൽ ഓഫീസ് കെട്ടിടത്തിൽ പിഎൽഎയുടെ പരിശീലന ദൃശ്യങ്ങൾ ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തന്നെ സംപ്രേഷണം ചെയ്തിരുന്നു. 2022-ലും 2023-ലും എടുത്ത ഉപഗ്രഹ ചിത്രങ്ങളിൽ ചൈനീസ് സൈനികർ റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നത് പരിശീലിക്കുന്നത് കാണാം.
നഗരങ്ങളിലെ യുദ്ധ സാഹചര്യങ്ങളിൽ കവചിത ബ്രിഗേഡുകളുമായി പിഎൽഎ മുന്നേറുന്നതും കാണിച്ചിരിക്കുന്നു. ഇപ്പോഴും നടക്കുന്ന മോക്ക്-സൈറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കേവലം പ്രതീകാത്മകമല്ലെന്ന വ്യക്തമായ സൂചനയും നൽകുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘യഥാർത്ഥ പോരാട്ട പരിശീലനം’ ശക്തിപ്പെടുത്താനുള്ള നിർദ്ദേശത്തെയാണ് ഈ പരിശീലനം പ്രതിഫലിപ്പിക്കുന്നത്.
2012-ൽ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം, യുദ്ധക്കളത്തിലെ നീക്കങ്ങൾ മെച്ചപ്പെടുത്താൻ ഷി ജൻപിങ് ഉത്തരവിട്ടിരുന്നു. 2018-ലെ ട്രെയിനിംഗ് മൊബിലൈസേഷൻ മീറ്റിംഗിൽ സൈനിക വസ്ത്രം ധരിച്ചെത്തിയ ഷി, യഥാർത്ഥ യുദ്ധസാഹചര്യങ്ങൾക്ക് തയ്യാറെടുക്കാൻ സൈനികർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നതായി തായ്പേയ് ടൈസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഏതായാലും രണ്ട് കാര്യങ്ങളാണ് ചൈന മോക്ക്-അപ്പ് സൈറ്റിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. ഒന്ന്, തായ്വാൻ അധിനിവേശത്തിനായുള്ള ചൈനയുടെ സൈനിക തന്ത്രത്തെ പരിഷ്കരിക്കുക.
രണ്ട്, സൈനിക തയ്യാറെടുപ്പുകൾ പരസ്യമാക്കിക്കൊണ്ട് തായ്വാനെ സമ്മർദ്ദത്തിലാക്കുക. ഇത് തായ്വാൻ കടലിടുക്കിലുടനീളം കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]