ഇസ്ലാമാബാദ്: കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാം തവണയും അമേരിക്കയിലെത്തിയ പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ കടുത്ത വിമർശനം. അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ, പാകിസ്ഥാനിലെ ധാതുക്കളുടെ സാമ്പിളുകൾ അടങ്ങിയ പെട്ടി അമേരിക്കൻ ഉന്നതർക്ക് മുന്നിൽ തുറന്നുകാണിച്ചതാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ഈ പ്രവൃത്തി രാജ്യത്തിന് രാഷ്ട്രീയമായി വലിയ നാണക്കേടുണ്ടാക്കിയെന്ന് പാർലമെൻ്റിൽ വിമർശനം ഉയർന്നു. സെനറ്റർ ഐമൽ വലി ഖാൻ പാർലമെൻ്റിൽ അസിം മുനീറിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മുനീർ ഒരു “സെയിൽസ്മാനെപ്പോലെ” പെരുമാറിയപ്പോൾ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഒരു “നാടകം കാണുന്ന മാനേജരെപ്പോലെ” നിസ്സംഗനായി നോക്കിനിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏത് അധികാരത്തിൻ്റെ പിൻബലത്തിലാണ് കരസേനാ മേധാവി വിദേശ നേതാക്കളുമായി നയതന്ത്ര ചർച്ചകൾ നടത്തുന്നതെന്നും, ഇത് ഭരണഘടനയോടും പാർലമെൻ്റിനോടുമുള്ള കടുത്ത അനാദരവാണെന്നും സെനറ്റർ കൂട്ടിച്ചേർത്തു.
“ഇവിടെ നടക്കുന്നത് സൈനിക സ്വേച്ഛാധിപത്യമാണ്, ജനാധിപത്യമല്ല,” എന്ന് ഖാൻ തുറന്നടിച്ചു. രാജ്യത്തിൻ്റെ നയതന്ത്ര കാര്യങ്ങളിൽ സൈനിക മേധാവി ഇടപെടുന്നതിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് സംയുക്ത പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കൻ, യൂറോപ്യൻ കമ്പനികളുമായി ധാതു കയറ്റുമതി, റിഫൈനറി പദ്ധതികൾ എന്നിവയുൾപ്പെടെ പുതിയ സഹകരണ കരാറുകളിൽ പാകിസ്ഥാൻ ഏർപ്പെടുന്ന നിർണായക ഘട്ടത്തിലാണ് ഈ വിവാദം. ഈ കരാറുകൾ രാജ്യത്തിന് സാമ്പത്തിക ഉണർവേകുമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, സൈനിക മേധാവിയുടെ അമിതമായ ഇടപെടൽ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാകിസ്ഥാന് അവമതിപ്പുണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാനിലെ ധാതുസമ്പത്തിൽ കണ്ണുവെച്ച് അമേരിക്ക പാകിസ്ഥാനിലെ പ്രമുഖ ധാതു ഖനന കമ്പനിയായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻ, മിസ്സോറി ആസ്ഥാനമായുള്ള യുഎസ് സ്ട്രാറ്റജിക് മെറ്റൽസുമായി അടുത്തിടെ ഒരു ധാരണാപത്രം ഒപ്പുവെച്ചു. പാകിസ്ഥാനിൽ ഒരു പോളി-മെറ്റാലിക് റിഫൈനറി സ്ഥാപിക്കുന്നതും ഈ കരാറിൻ്റെ ഭാഗമാണ്.
യുഎസ് സ്ട്രാറ്റജിക് മെറ്റൽസ്, മോട്ട-എൻജിൽ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചർച്ച നടത്തിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ ചെമ്പ്, സ്വർണം, മറ്റ് അമൂല്യ ധാതുക്കൾ എന്നിവയുടെ ഖനനവും സംസ്കരണവും വർധിപ്പിക്കാനുള്ള വൻകിട
പദ്ധതികളിൽ ഇരു കമ്പനികളും താൽപര്യം പ്രകടിപ്പിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ട്രില്യൺ കണക്കിന് ഡോളറിൻ്റെ ധാതുസമ്പത്ത് പാകിസ്ഥാനുണ്ടെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുൻപ് അവകാശപ്പെട്ടിരുന്നു.
ഈ മേഖലയിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിലൂടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ, പാകിസ്ഥാനിലെ ധാതുസമ്പത്തിൻ്റെ സിംഹഭാഗവും സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്.
ഇവിടെ വിദേശ കമ്പനികൾ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് വിഭാഗങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]