![](https://newskerala.net/wp-content/uploads/2024/10/1727878774_fotojet-2-_1200x630xt-1024x538.jpg)
അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും വ്യത്യസ്തരായ ചില അഭിനേതാക്കളുണ്ട്. അവരിലൊരാളാണ് ബ്രിട്ടീഷ് നടനായ ഡാനിയല്‍ ഡേ ലൂയിസ്. നാടകവേദിയില്‍ നിന്ന് സിനിമയിലെത്തി, മെത്തേഡ് ആക്റ്റിംഗിന്റെ അപ്പോസ്തലനായി അറിയപ്പെട്ട ഡേ ലൂയിസ് ലോക സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരുടെ എല്ലാ ലിസ്റ്റിലും ഉള്‍പ്പെടുന്ന ഒരാളുമാണ്. തനിക്ക് അത്രയും ഇഷ്ടപ്പെട്ടാല്‍, തന്നിലെ നടന് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് ഉറച്ച ബോധ്യം വന്നാല്‍ മാത്രമാണ് അദ്ദേഹം ഒരു കഥാപാത്രത്തെ ഏറ്റെടുക്കാറ്. 42 വര്‍ഷം നീളുന്ന സിനിമാ അഭിനയ ജീവിതത്തില്‍ അഭിനയിച്ചത് വെറും 20 സിനിമകളില്‍ മാത്രം. ഏറ്റെടുത്താല്‍ അത് അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കാനായി ഏതറ്റം വരെയും പോവും. 2017 ല്‍ പുറത്തെത്തിയ ഫാന്റം ത്രെഡ് എന്ന ചിത്രം തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് എത്തിയ ഒരു പ്രഖ്യാപനം ലോകമെങ്ങുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ നിരാശരാക്കിയിരുന്നു. അദ്ദേഹം ഇനി അഭിനയിക്കില്ല എന്നതായിരുന്നു അത്. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. അതെ, ഡാനിയല്‍ ഡേ ലൂയിസ് ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും വരികയാണ്!
മകന് റോണന്‍ ഡേ ലൂയിസിന്റെ സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ അഭിനയിക്കാനാണ് ഡേ ലൂയിസ് റിട്ടയര്‍മെന്റ് തീരുമാനം മാറ്റുന്നത്. 26 കാരനായ റോണന്‍ നേരത്തെ ഷോര്‍ട്ട് ഫിലിമുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. അനെമണി എന്നാണ് റോണന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. അച്ഛന്മാരും മക്കളും സഹോദരങ്ങളുമൊക്കെ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. റോണനൊപ്പം ഡാനിയല്‍ ഡേ ലൂയിസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം മാഞ്ചെസ്റ്ററില്‍ ആരംഭിച്ചിട്ടുണ്ട്. സീന്‍ ബീന്‍, സമാന്ത മോര്‍ട്ടണ്‍, സാമുവല്‍ ബോട്ടംലി, സഫിയ ഒക്ലേ ഗ്രീന്‍ തുടങ്ങിയവരും 67 കാരനായ ഡീനിയല്‍ ഡേ ലൂയിസിനൊപ്പം അനെമണിയില് അഭിനയിക്കുന്നുണ്ട്. യുഎസിലെ ഇന്‍ഡിപെന്‍ഡന്‍ഡ് പ്രൊഡക്ഷന്‍ കമ്പനിയായ ഫോക്കസ് ഫീച്ചേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മികച്ച നടനുള്ള ഓസ്കര് പുരസ്കാരം മൂന്ന് തവണ നേടിയിട്ടുള്ള അഭിനയ പ്രതിഭയാണ് ഡാനിയല്‍ ഡേ ലൂയിസ്. മൈ ലെഫ്റ്റ് ഫൂട്ട്, ദെയര്‍ വില്‍ ബി ബ്ലഡ്, ലിങ്കണ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് മികച്ച നടനുള്ള അക്കാദമി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയത്. 2017 റിലീസ് ആയ ഫാന്റം ത്രെഡ് തിയറ്ററുകളിലെത്തുന്നതിന് മുന്‍പ് പൊടുന്നനെ ആയിരുന്നു അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപനം. ഒരു വക്താവ് വഴിയാണ് ഡേ ലൂയിസ് അന്ന് ഈ പ്രഖ്യാപനം നടത്തിയത്.
ALSO READ : ചിത്രീകരിക്കുന്നത് വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; ‘ഗുഡ് ബാഡ് അഗ്ലി’യുടെ 50 ദിവസത്തെ സ്പെയിന് ഷെഡ്യൂളിന് തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]