
ചീങ്കണ്ണിയേയും കൊണ്ട് ബേസ്ബോൾ കാണാനെത്തിയ ആരാധകനെ അകത്തേക്ക് കയറ്റി വിട്ടില്ല. ഫിലാഡൽഫിയ ഫിലീസ് MLB ഗെയിം കാണാനെത്തിയ ആരാധകനാണ് ഗെയിം കാണാതെ വേദനയോടെ മടങ്ങിയത്. എന്നാലും ആരെങ്കിലും ചീങ്കണ്ണിയേയും കൊണ്ട് ഗെയിം കാണാൻ പോകുമോ എന്നാണല്ലേ ചിന്തിക്കുന്നത്. അത് വെറുമൊരു ചീങ്കണ്ണിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഇമോഷണൽ സപ്പോർട്ട് ആനിമൽ ആയിരുന്നു.
ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസമുള്ള ആളുകൾക്ക് പിന്തുണ നൽകുന്ന മൃഗങ്ങളെയാണ് ഇമോഷണൽ സപ്പോർട്ട് ആനിമൽ എന്ന് പറയുന്നത്. ജോയി ഹെന്നി എന്ന ആരാധകനാണ് ചീങ്കണ്ണിയുമായി സിറ്റിസൺസ് ബാങ്ക് പാർക്കിൽ ഗെയിം കാണാനായി എത്തിയത്. എന്നാൽ, അദ്ദേഹത്തിന് അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടു. അഞ്ച് അടി നീളമുള്ള ചീങ്കണ്ണിയായ വാലിയുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. വാലി തന്നെ തന്റെ വിഷാദത്തെ നേരിടാൻ സഹായിച്ചിരുന്നു എന്ന് ഹെന്നി പറയുന്നു.
മറ്റ് ബേസ്ബോൾ ഗെയിമുകൾക്ക് വാലിയുമായി താൻ പോയിട്ടുണ്ട്. അതിനാൽ ഇവിടെയും കുഴപ്പമുണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ, ഇവിടെ നായകളെയും കുതിരകളെയും ഒക്കെ പോലെയുള്ള ഇമോഷണൽ സപ്പോർട്ട് ആനിമലുകളെ മാത്രമേ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വാലിയേയും തന്നെയും അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല എന്നാണ് ഹെന്നി പറയുന്നത്.
വാലി ഒരു ഇമോഷണൽ സപ്പോർട്ട് ആനിമലല്ല സർവീസ് ആനിമലാണ് എന്നായിരുന്നു അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള കാരണമായി പറഞ്ഞത്. എന്നാൽ, വാലിയും താനുമായുള്ള ബന്ധം അറിഞ്ഞാൽ അവർക്ക് അത് പറയാൻ സാധിക്കില്ല എന്നും ഹെന്നി പറഞ്ഞു. 2015 -ലാണ് താൻ വാലിയെ ദത്തെടുത്തത്. താനും വാലിയും ഉറങ്ങുന്നത് വരെ ഒരേ കിടക്കയിലാണ്. തന്റെ തലയിണയും പുതപ്പുമാണ് അവനുപയോഗിക്കുന്നത് എന്നാണ് ഹെന്നിക്ക് പറയാനുള്ളത്.
അതേസമയം വാലിയും ഹെന്നിയും സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
Last Updated Oct 2, 2023, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]