ഹൈദരാബാദ്: ഏകദിന ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരങ്ങള്‍ കളിച്ച് അവസാനവട്ട തയാറെടുപ്പുകളിലാണ് ടീമുകള്‍. ഏഴ് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യയിലെത്തിയ പാകിസ്ഥന് ക്രിക്കറ്റ് ടീം ഹൈദരാബാദിലാണ് രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നത്. ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 345 റണ്‍സടിച്ചിട്ടും പാകിസ്ഥാന് തോല്‍വി വഴങ്ങിയിരുന്നു.
സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയ ആണ് പാകിസ്ഥാന്റെ എതിരാളികള്‍. ഇതിനിടെ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്ററുടെ പേരു തുറന്ന് പറയുകയാണ് പാക് സ്പിന്‍ ഓള് റൗണ്ടറായ ഷദാബ് ഖാന്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്ററെന്ന് ഷദാബ് പറഞ്ഞു.
രോഹിത്തിന്റെ ആരാധകനാണ് ഞാന്‍. ലോകത്തിലെ മുന്‍നിര ബാറ്ററായ രോഹിത്തിനെതിരെ പന്തെറിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ രോഹിത് അപകടകാരിയായി മാറും. ഇന്ത്യന്‍ ബൗളര്‍മാരില്‍ അപകടകാരി കുല്‍ദീപ് യാദവാണെന്നും ഷദാബ് ഖാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു ലെഗ്സ് സ്പിന്നറായ താന്‍ കുല്‍ദീപ് യാദവിന്റെ സമീപകാല ഫോം കണക്കിലെടുത്താണ് ഇത് പറയുന്നതെന്നും ഷദാബ് ഖാന് പറഞ്ഞു. ഹൈദരാദാബാദില് പാകിസ്ഥാന് ടീമിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചതെന്നും ഒക്ടോബര്‍ 14ന് ഇന്ത്യക്കെതിരായ മത്സരത്തിനായി അഹമ്മദാബാദില്‍ എത്തുമ്പോഴും പാക് ടീമിന് ഇതേ സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷദാബ് പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെ തുടക്കമാകുന്ന ലോകകപ്പില്‍ ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്സിനെതിരെ ആണ് പാകിസ്ഥാന്റെ ആദ്യ മത്സരം. 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 2, 2023, 11:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]