ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡുകൾ വളരെ സ്വീകാര്യമായ ഒന്നാണ്. പലപ്പോഴും കാർഡുകൾക്കായി അപേക്ഷിക്കുമ്പോൾ നെറ്റ്വർക്ക് ഏതു വേണമെന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കാറില്ലായിരുന്നു. കാർഡ് നൽകുന്ന ഇഷ്യൂവർ/ ബാങ്ക് തന്നെ നെറ്റ് വർക്ക് തെരഞ്ഞെടുത്ത് നൽകുകയായിരുന്നു പതിവ്. എന്നാൽ ഇന്നലെ മുതൽ ഇതിന് മാറ്റം വന്നു.
കാർഡ് ഉടമകൾക്ക് അവരുടെ നെറ്റ്വർക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.
2023 ജൂലൈ 5-ന് പുറപ്പെടുവിച്ച കരട് സർക്കുലറിൽ, ആർബിഐ കാർഡ് ഇഷ്യൂവർമാരോട്, ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് ചോയ്സ് അനുവദിക്കാനും അവരുടെ കാർഡുകൾക്കായി അവരുടെ ഇഷ്ടപ്പെട്ട നെറ്റ്വർക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാൻ അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഡ് ഇഷ്യൂവർ യോഗ്യരായ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്വർക്കുകളിൽ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകും. ആർബിഐ നിർദേശ പ്രകാരം കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്തോ പുതുക്കുമ്പോഴോ ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം.
അതായത്, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പുതുക്കുമ്പോൾ, നിലവിലുള്ള ഉപഭോക്താക്കൾക്ക് അല്ലെങ്കിൽ പുതിയ കാർഡ് എടുക്കുന്ന ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട കാർഡ് നെറ്റ്വർക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും.
പലപ്പോഴും, ഒരു ഡെബിറ്റ് കാർഡിനോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ കാർഡ് നെറ്റ്വർക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കില്ലായിരുന്നു.
വിസ, മാസ്റ്റർകാർഡ്, റുപേ മുതലായ ഏതെങ്കിലും കാർഡ് നെറ്റ്വർക്കുകളുമായി നിങ്ങളുടെ ബാങ്കിന് സാധാരണയായി ഒരു പ്രത്യേക കരാർ ഉണ്ടായിരിക്കും. അതിനാൽ ബാങ്കുകൾ ഈ നെറ്റ്വർക്കുകളുടെ കാർഡുകൾ നൽകുന്നു.
അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷണൽ ലിമിറ്റഡ്, മാസ്റ്റർകാർഡ് ഏഷ്യ/പസഫിക് പി.ടി.ഇ. ലിമിറ്റഡ്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ – റുപേ, വിസ വേൾഡ് വൈഡ് ലിമിറ്റഡ്.തുടങ്ങി ഇന്ത്യയിൽ ഇപ്പോൾ അഞ്ച് കാർഡ് നെറ്റ്വർക്കുകളാണുള്ളത്.
Last Updated Oct 2, 2023, 4:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]