
റിയാദ്: ‘ടൂറിസവും ഹരിത നിക്ഷേപവും’ എന്ന തലവാചകത്തിൽ ലോക ടൂറിസം ദിനത്തിൽ ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ റിയാദിൽ സംഘടിപ്പിച്ച ആഗോള വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ടൂറിസം സഹമന്ത്രി ശ്രീപദ് യസോ നായിക് വിവിധ പരിപാടികളിൽ പങ്കെടുത്തു മടങ്ങി.
സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് നേതൃത്വം നൽകിയ ‘സുസ്ഥിരമായ ഭാവിക്ക് വിനോദസഞ്ചാര മേഖലകളിൽ നിക്ഷേപം’ എന്ന ശീർഷകത്തിൽ നടന്ന ചർച്ചയിൽ മന്ത്രി പങ്കെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹക പ്രതിനിധികളെയും മന്ത്രി അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളിലും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൽ ഈ രാജ്യത്ത് പ്രവാസികളായി വസിക്കുന്ന നിങ്ങളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം സദസിനോട് പറഞ്ഞു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉൾപ്പടെയുള്ള നയതന്ത്ര പ്രതിനിധികൾക്കൊപ്പം റിയാദിലെ നാഷനൽ മ്യുസിയവും മന്ത്രി സന്ദർശിച്ചു.
Read Also – പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ടൂർ ഓപ്പറേറ്റർമാരുമായും മന്ത്രി ആശയവിനിമയം നടത്തി. റിയാദിൽ പങ്കെടുത്ത പരിപാടികൾ പ്രതേകം പരാമർശിച്ച് മന്ത്രി എക്സിൽ സന്തോഷം പങ്കുവെച്ചു. ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 120 രാജ്യങ്ങളിൽ നിന്നുള്ള 500 ലധികം സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും വിദഗ്ധരും ലോക ടൂറിസം ദിനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയിരുന്നു. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധകൾ അവരുടെ ചിന്തകളും ആശയങ്ങളും പുതിയ കാലത്തെ ടുറിസം മേഖലയിലെ സാധ്യതകളും പങ്കുവെച്ചു. സാംസ്കാരിക സംവാദം, ആഗോള ടൂറിസം നിക്ഷേപം, ഹരിത നിക്ഷേപം, വിനോദസഞ്ചാര മേഖലയിലെ നവീകരണം എന്നിവ ഉൾപ്പെടുന്ന സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.
തന്ത്രപ്രധാനമായ മുൻഗണനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലക്ഷ്യമിട്ട് ലോക ടൂറിസം ദിനത്തിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രാലയം അഭിനന്ദിച്ചു. ടൂറിസം മേഖലയുടെ 43 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പരിപാടിയാണ് റിയാദിൽ നടന്നതെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസം മേഖലയിൽ സൗദി അറേബ്യ അതിവേഗ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട ആഗോള സംഗമത്തിന് സൗദി വേദിയാകുന്നത് വലിയ തോതിൽ ഗുണം ചെയ്യും.
കിരീടാവകാശിയുടെ പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ലെ പ്രധാന മേഖലകളിൽ ഒന്നാണ് ടൂറിസം.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടൂറിസം മേഖലയുടെ വളർച്ച ഇരട്ടിയായിട്ടുണ്ട്. അടുത്ത രണ്ട് വർഷങ്ങളിൽ വീണ്ടും ഇരട്ടിയാകുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള ഒരുക്കങ്ങളെല്ലാം രാജ്യത്ത് നടക്കുന്നുണ്ട്. നിയോം, ഖിദ്ദിയ്യ, കിങ് സൽമാൻ പാർക്ക് തുടങ്ങി പുതിയ നഗരങ്ങളും കലാ-വിനോദ കേന്ദ്രങ്ങളും ഒരുങ്ങുന്നതിെൻറ പ്രധാന ലക്ഷ്യങ്ങളിലൊന്ന് രാജ്യത്തേക്ക് സഞ്ചാരികളെ ആകർഷിക്കലാണ്. ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 78 ലക്ഷത്തിലെത്തി. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019 െൻറ ആദ്യ പാദത്തെ അപേക്ഷിച്ച് 64 ശതമാനം വളർച്ചയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Oct 2, 2023, 2:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]