ലാഹോര്‍: ഏകദിന ലോകകപ്പില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ട് ടീമുകളെ തെരഞ്ഞെടുത്ത് പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസ്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനെ വഖാര്‍ അടുത്തിടെ ദുര്‍ബല ടീമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തപ്പോഴും വഖാര്‍ സ്വന്തം ടീമിനെ തഴഞ്ഞു.
ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഒരു ടീം ഇന്ത്യയായിരിക്കുമെന്ന് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് വഖാര്‍ പറഞ്ഞു. യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും മിശ്രണമായ ഇന്ത്യന്‍ ടീമിന് ആതിഥേയരെന്ന ആനുകൂല്യവുമുണ്ടെന്ന് വഖാര്‍ വ്യക്തമാക്കി. സ്വന്തം രാജ്യത്ത് കളിക്കുന്നതിന്റെ ആനുകൂല്യം മാത്രമല്ല, ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ കൂട്ടുന്നുവെന്ന് വഖാര്‍ വ്യക്തമാക്കി.
ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമായി വഖാര്‍ തെരഞ്ഞെടുത്തത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയാണ്. 2019ലെ ലോകകപ്പിനുശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പുറത്തെടുക്കുന്ന മികവാണ് അതിന് കാരണമെന്ന് വഖാര്‍ പറഞ്ഞു. ആക്രമണശൈലിയും മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവും ഇംഗ്ലണ്ട് ടീമിനെ അപകടകാരികളാക്കും. ഏത് ഘട്ടത്തിലും തിരിച്ചുവരാനുള്ള അവരുടെ കഴിവാണ് മറ്റൊരു പ്രധാന ഘടകം. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും ഇന്ത്യയുമാവും ഇത്തവണ ഏകദിന ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുകയെന്നും വഖാര്‍ പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ നിലവലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മതസരം. എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന്റെ ആദ്യ മത്സരം ആറിന് നെതര്‍ലന്‍ഡ്സിനെതിരെ ആണ്. ഹൈദരാബാദിലാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 1, 2023, 7:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]