സമീപകാലത്ത് സോഷ്യല് മീഡിയയില് നിറഞ്ഞുനില്ക്കുന്ന താരമാണ് ഭീമന് രഘു. ബിജെപിയില് നിന്ന് സിപിഎമ്മിലേക്ക് എത്തിയത് മുതല് അദ്ദേഹം വാര്ത്തകളില് ഉണ്ടെങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്ഡ് വേദിയില് മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവന് എണീറ്റ് നിന്നതോടെയാണ് ഭീമന് രഘുവിന്റെ അഭിമുഖങ്ങളും അഭിപ്രായപ്രകടനങ്ങളും വൈറല് ആവാന് തുടങ്ങിയത്. അതേസമയം സിനിമയുടെ തിരക്കുകളില് നിന്ന് പൂര്ണമായും മാറിനില്ക്കുന്നുമില്ല അദ്ദേഹം. ഭാവി സിനിമാപരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തില് രഘു പറഞ്ഞ മറുപടിയും സോഷ്യല് മീഡിയയില് ശ്രദ്ധ നേടുകയാണ്. താന് സംവിധായകനായി അരങ്ങേറിയ ചാണ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
“ചാണ എന്നൊരു പടം ഞാന് ഡയറക്റ്റ് ചെയ്തിരുന്നു. ആ പടം തരക്കേടില്ലാതെ ഓടി. അത് തമിഴില് എടുക്കാനായിട്ട് ഒരു നിര്മ്മാതാവ് വന്നു. തമിഴിലേക്കുള്ള അതിന്റെ തിരക്കഥാ രചന ചെന്നൈയില് നടന്നുകൊണ്ടിരിക്കുകയാണ്. അര്ജുന് അങ്ങനെയുള്ളവരെയാണ് ശ്രമിക്കുന്നത്. വിജയിയെ ഒക്കെ ട്രൈ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതൊന്നും വിജയ് ഒന്നും സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, ഇതുപോലൊരു സബ്ജക്റ്റ്. മലയാളം പതിപ്പ് ഒരു പ്രത്യേക സ്റ്റൈലിലുള്ള പടമായിരുന്നു. കത്തി രാകി നടക്കുന്ന ഒരു പാവപ്പെട്ടവന്റെ കഥയായിരുന്നു അത്. അതില് നിന്ന് വ്യത്യസ്തമായിട്ട് കുറെ ആക്ഷനും നല്ല പാട്ടുകളുമെല്ലാം കൂടി ചേര്ത്ത് തമിഴിലേക്ക് അവര് ചെയ്യാന് പോകുന്നു എന്ന ന്യൂസ് വന്നു. അവര് എന്നെ വിളിച്ചു. ഇതിന്റെ വീഡിയോ കാണണമെന്ന് പറഞ്ഞു. ഞാനത് കാണിച്ചുകൊടുത്തു. ഇന്നയിന്ന മാറ്റങ്ങളൊക്കെ വരുത്തണമെന്ന് പറഞ്ഞു. ഞാന് ഈ ചിത്രത്തിന്റെ സംവിധായകന് മാത്രമാണെന്നും നിര്മ്മാതാവിനോട് ചോദിച്ചിട്ട് വേണ്ടതൊക്കെ ചെയ്തോളാനും പറഞ്ഞു. അതാണ് ഒരു പടം. പിന്നെ രണ്ടര കള്ളന്മാര് എന്ന ഒരു കോമഡി പടം വരുന്നുണ്ട്. അതിന്റെയും കഥ എഴുതിക്കൊണ്ടിരിക്കുകയാണ്”, ഭീമന് രഘു പറഞ്ഞു. മലയാളി വാര്ത്ത ഇന്സൈഡ് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഭീമന് രഘുവിന്റെ പ്രതികരണം.
ALSO READ : ‘ജയിലറി’ന് ശേഷം ഡി ഏജിംഗിലൂടെ ചെറുപ്പമായ ശിവണ്ണ! ഒപ്പം ജയറാം: ‘ഗോസ്റ്റ്’ ട്രെയ്ലര്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക
Last Updated Oct 1, 2023, 8:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]