തിരുവനന്തപുരം: കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ കളിക്കാതിരുന്നിട്ടും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തുൽ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി.
45 റൺസുമായി കൊച്ചിയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോര്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ 165-7, കൊച്ചി ബ്ലൂ ടൈഗേഴ്സ് 19.3ഓവറില്‍ 167-7. 166 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊച്ചിക്ക് സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ വിനൂപ് മനോഹരനും(14 പന്തില്‍ 30) ജിഷ്ണുവും(29 പന്തില്‍ 45)ല മികച്ച തുടക്കമിട്ടു.
മൂന്നാം ഓവറില്‍ വിനൂപ് മനോഹരൻ വീണെങ്കിലും രാകേഷ്(15), മുഹമ്മദ് ഷാനു(13), നിഖില്‍ തോട്ടത്ത്(16), ക്യാപ്റ്റൻ സാലി സാംസണ്(16 പന്തില്‍ 22*), പി മിഥുന്(12) എന്നിവരുടെ ചെറുത്തുനില്‍പ്പില്‍ കൊച്ചിക്ക് തുണയായി. 18-ാം ഓവറിൽ മിഥുനെയും ആൽഫി ഫ്രാൻസിസ് ജോണിനെയും അഖിൽ സ്കറിയ പുറത്താക്കിയതോടെ ആവേശം അവസാന ഓവറുകളിലക്ക് നീണ്ടു.
എന്നാൽ മനസ്സാനിധ്യത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സാലി സാംസണും ജോബിൻ ജോബിയും(5 പന്തില്‍ 12*) ചേർന്ന് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ കൊച്ചിയെ ലക്ഷ്യത്തിലെത്തിച്ചു. കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ മൂന്നും എസ് മിഥുൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങിയത്.
കാലിക്കറ്റിന് വേണ്ടി അമീർ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനിൽ സ്ഥാനം പിടിച്ചു. രോഹൻ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീർഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു.മറുവശത്ത് രോഹനും തകർത്തടിച്ചു.
മൂന്നാം ഓവറിൽ തുടരെ മൂന്ന് ഫോറുകൾ നേടിയ രോഹൻ അടുത്ത ഓവറിൽ നാല് പന്തുകൾ അതിർത്തി കടത്തി. നാലാം ഓവറിൽ തന്നെ കാലിക്കറ്റ് സ്കോർ 50 പിന്നിട്ടു.
എന്നാൽ സ്കോർ 64ൽ നില്‍ക്കെ മൂന്ന് വിക്കറ്റുകൾ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീർഷാ 28ഉം രോഹൻ36ഉം റൺസ് നേടി മടങ്ങി.തുടർന്നെത്തിയ അഖിൽ സ്കറിയ ആദ്യ പന്തിൽ തന്നെ പുറത്തായി.
വെറും 13 പന്തുകളിൽ നിന്നായിരുന്നു രോഹൻ 36 റൺസ് നേടിയത്. അഞ്ചാം വിക്കറ്റിൽ അജ്നാസും അൻഫലും ചേർന്ന് നേടിയ 50 റൺസാണ് കാലിക്കറ്റിന് ഭേദപ്പെട്ട
സ്കോർ നല്‍കിയത്. അജ്നാസ് 22ഉം അൻഫൽ 38ഉം റൺസ് നേടി.
സച്ചിൻ സുരേഷ് 10 പന്തുകളിൽ നിന്ന് 18 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും പി കെ മിഥുനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]