തിരുവനന്തപുരം: വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷൻ സെപ്തംബർ മൂന്ന് ബുധനാഴ്ച ചുമതലയേൽക്കും.
മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സാമൂഹ്യ പ്രവർത്തകനുമായ കെ സോമപ്രസാദ് ചെയർപേഴ്സണായ അഞ്ചംഗ കമ്മീഷനാണ് ബുധനാഴ്ച സ്ഥാനമേൽക്കുന്നത്. തിരുവനന്തപുരത്ത് ഗവ.
സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ രാവിലെ പതിനൊന്നിനു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങും കമ്മീഷൻ അംഗങ്ങൾക്കുള്ള ആശംസാ സമ്മേളനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
സോമപ്രസാദിനു പുറമെ, വയോജനക്ഷേമ പ്രവർത്തനങ്ങളിലെ നേതൃസ്വരമായി കാൽ നൂറ്റാണ്ടോളമായി പ്രവർത്തിച്ചു പോരുന്ന, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ, അമരവിള രാമകൃഷ്ണൻ, വനിതാ കമ്മീഷൻ അംഗമെന്ന നിലയിലും സാമൂഹ്യപ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾക്കുടമയായ ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), സർവ്വാദരണീയനായ മുൻ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് – എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളിൽ മികച്ച പാരമ്പര്യമുള്ള പൊതുപ്രവർത്തകനായ പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷൻ അംഗങ്ങളായി സ്ഥാനമേൽക്കുക.
വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങൾ ലഭ്യമാക്കാനുമാണ് കമ്മീഷൻ നിലവിൽ വരുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസം സംബന്ധിച്ച് വർദ്ധിച്ചു വരുന്ന ആശങ്കകൾ അഭിസംബോധന ചെയ്യാനുള്ള കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണ് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
സ്ഥാനാരോഹണച്ചടങ്ങിൽ അഡ്വ. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും.
ഡോ. ശശി തരൂർ എം പി, മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷൻ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, സമിതി അംഗങ്ങളായ പി അബ്ദുൾ ഹമീദ് എം എൽ എ, സി കെ ഹരീന്ദ്രൻ എം എൽ എ, അഹമ്മദ് ദേവർകോവിൽ എം എൽ എ, ജോബ് മൈക്കിൾ എം എൽ എ, കെ പി മോഹനൻ എം എൽ എ, പി മമ്മിക്കുട്ടി എം എൽ എ, ടി ജെ വിനോദ് എം എൽ എ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സന്നിഹിതരാവും.
സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള ഐഎഎസ് സ്വാഗതവും സാമൂഹ്യനീതി ഡയറക്ടർ അരുൺ എസ് നായർ നന്ദിയും പറയും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]