മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം കഴിഞ്ഞ അഞ്ച് വര്ഷത്തിനിടെ രാജ്യത്തെ ബാങ്കുകള് ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്’ നേടിയത് 35,000 കോടി രൂപ.
പണമിടപാടുകള് നടന്നെന്ന വിവരമറിയിക്കാൻ വേണ്ടി എസ്.എം.എസ് അയച്ച വകയില് മാത്രം ‘കവര്ന്നതാ’കട്ടെ 6254 കോടിയാണ്. സേവനങ്ങളില്നിന്ന് ബാങ്കുകള് പിന്മാറുന്നെന്ന് മാത്രമല്ല, മത്സരിച്ച് പിഴ സ്വഭാവത്തില് ഉപഭോക്താക്കളില്നിന്ന് പണം പിഴിയുക കൂടിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള് അടിവരയിടുന്നു. എസ്.എം.എസ് അയച്ച വകയില് 18 രൂപയും 20 രൂപയും വെച്ച് അക്കൗണ്ടില്നിന്ന് പണം പിടിച്ചെന്ന സന്ദേശമെത്താറുണ്ടെങ്കിലും അധികമാരും കാര്യമാക്കാറില്ല. ഈ തുകയാണ് കോടികളുടെ വരുമാനമായി ബാങ്കുകളുടെ അക്കൗണ്ടിലെത്തുന്നത്.
മിനിമം ബാലൻസ് അക്കൗണ്ടില് സൂക്ഷിക്കാത്തതിന് പൊതുമേഖല ബാങ്കുകളും അഞ്ച് സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളില്നിന്ന് ഈടാക്കിയത് 21,000 കോടിയാണ്. സേവിങ് ബാങ്ക്സ് ഉടമകള് അക്കൗണ്ടില് നിലനിര്ത്തേണ്ട ഏറ്റവും കുറഞ്ഞ തുക (മിനിമം ബാലൻസ് ) നഗര-ഗ്രാമങ്ങള്ക്കനുസരിച്ച് വ്യത്യാസപ്പെടും. ഇത്തരത്തില് നിശ്ചിത പരിധിക്ക് താഴേക്ക് പോയതിനുള്ള ‘പിഴയായി’ ഈടാക്കിയതാണ് 21000 കോടി. മെട്രോസിറ്റികളില് 3000 മുതല് 1000 വരെയും നഗരമേഖലയില് 2000 മുതല് 5000 വരെയും ഗ്രാമങ്ങളില് 500 മുതല് 1000 രൂപവരെയുമാണ് മിനിമം ബാലൻസ് പരിധി. ഈ പരിധിയില്നിന്ന് താഴേക്ക് പോയാല് 400 മുതല് 500 രൂപവരെ ബാങ്കുകള് പിഴയായി ഈടാക്കുന്നുണ്ട്. ചില സ്വകാര്യ ബാങ്കുകളാകട്ടെ മിനിമം ബാലൻസ് പരിധിക്ക് താഴേക്കുക്കുള്ള ഓരോ ഇടപാടുകള്ക്കും 100 രൂപയോളം പിഴയും ചുമത്തുന്നുണ്ട്.
എ.ടി.എമ്മുകളില്നിന്ന് പണം സൗജന്യമായി പിൻവലിക്കാൻ അനുവദിച്ചുള്ള പരിധി കടന്നതിന്റെ പേരില് ഈടാക്കിയത് 8000 കോടിയാണ്. എ.ടി.എമ്മുകള് ഏര്പ്പെടുത്തിയതോടെ പണം പിൻവലിക്കല് ഉത്തരവാദിത്തങ്ങളില്നിന്ന് ബാങ്കുകള് പിന്മാറിയെന്ന് മാത്രമല്ല, എ.ടി.എമ്മുകളുടെ പേരില് കടുത്ത പിഴിയല്കൂടി ആരംഭിച്ചിരിക്കുന്നു. ബാലന്സ് പരിശോധന അടക്കം ഇടപാടായി കണക്കാക്കുകയാണ്. ഇന്ധനം നിറയ്ക്കുന്നതിന് കാര്ഡ് വഴി പണം നല്കിയാല് 0.75 ശതമാനം കിഴിവ് നല്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആരുമറിയാതെ അതവസാനിപ്പിച്ചു.
ബാങ്കുകളെല്ലാം കോര് ബാങ്കിങ് സംവിധാനത്തിലാണെങ്കില് പോലും അക്കൗണ്ടുള്ള ശാഖകളിലല്ലാതെ മറ്റെവിടെയെങ്കിലും പണം നിക്ഷേപിച്ചാലും സര്വിസ് ചാര്ജ് ഈടാക്കുകയാണ്. പ്രൊസസ് ചാര്ജ് എന്ന പേരില് സ്വര്ണപ്പണയത്തിനടക്കം 600ഉം 700 ഉം സര്വിസ് ചാര്ജ് ഈടാക്കുകയാണ്. ഇതും പോരാഞ്ഞ് ജനകീയ സംവിധാനമായ യു.പി.എ ഇടപാടുകള്ക്ക് സര്വിസ് ചാര്ജ് ഈടാക്കണമെന്നാണ് ബാങ്കുകളുടെ ആവശ്യം.
The post മിനിമം ബാലൻസ്, എസ്.എം.എസ്, എ.ടി.എം; അഞ്ച് വര്ഷത്തിനിടെ ബാങ്കുകള് കവര്ന്നത് 35000 കോടി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]