
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ഓഗസ്റ്റ് 12-ന് വൈകീട്ട് മൂന്ന് മണിക്ക് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.
ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായുള്ള ആലോചനാ യോഗം തൃശ്ശൂർ നിലയത്തിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ.
രാജന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നുമുള്ള പ്രാതിനിധ്യം സംഘാടക സമിതി യോഗത്തിൽ ഉറപ്പാക്കണം എന്ന് മന്ത്രി നിർദ്ദേശിച്ചു.
സാംസ്കാരിക പ്രമുഖരുടെയും മുൻ കലോത്സവങ്ങളിൽ വിജയികളായവരുടെയും പ്രാതിനിധ്യവും ഉണ്ടാകണം. ഒരുതരത്തിലുമുള്ള പരാതിക്കും ഇടവരുത്താതെ കേരളത്തിനു തന്നെ ഒരു മാതൃകയായ കലോത്സവം ആക്കി മാറ്റുവാൻ ഇത്തവണ തൃശ്ശൂരിന് കഴിയണം.
ജില്ലയിലെ ഓരോ വിദ്യാർത്ഥിക്കും ഏതെങ്കിലും തരത്തിൽ കലോത്സവത്തിൽ പങ്കാളികളാകാൻ സാധിക്കണം. കൂടാതെ, കഴിഞ്ഞ തവണ ലഭിച്ച സ്വർണക്കപ്പ് നിലനിർത്തുവാൻ വേണ്ട
പരിശ്രമങ്ങൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. കലോത്സവത്തിന് വേദിയാകുക എന്നത് തൃശ്ശൂർ ജില്ല സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ഡോ.
ആർ. ബിന്ദു പറഞ്ഞു.
കഴിഞ്ഞ തവണ ലഭിച്ച സ്വർണക്കപ്പിനുള്ള അംഗീകാരം കൂടിയായാണ് ഇത്തവണ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ തൃശ്ശൂരിനെ തിരഞ്ഞെടുത്തതെന്ന് കണക്കാക്കണം. മികച്ച പങ്കാളിത്തം ഉറപ്പാക്കി സംഘാടക സമിതി യോഗം വിജയകരമാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.
പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, അധ്യാപകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]