
മലപ്പുറം : ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ 3 പേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കണ്ടെടുത്തു. വെള്ളാർമല സ്കൂളിന് സമീപത്ത് നിന്നും ഒരു മൃതദേഹവും മേപ്പാടിയിൽ നിന്നും ഒരു മൃതദേഹവും, ചുങ്കത്തറ കൈപ്പിനിയിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. മലപ്പുറത്ത് ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റൻ കല്ലുകൾക്കിടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സംഘമടക്കമെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൂരൽമല വെള്ളാർമല സ്കൂളിന് സമീപത്തു നിന്നും കണ്ടെടുത്ത മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. 10 മണിയോടെയാണ് മേപ്പാടിയിൽ തിരിച്ചിൽ സംഘം ഒരു മൃതദേഹം കണ്ടെടുത്തത്.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 294 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുക. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ചാലിയാർ പുഴയുടെ തീരങ്ങൾ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും നടത്തുന്നുണ്ട്. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്ന് തെരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]