
മാള: ആൾതാമസം ഉള്ള വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. മാള കുന്നിശ്ശേരി കൊടിയൻ വീട്ടിൽ ജോമോൻ ദേവസി (37) യെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്പ് ഭാഗത്തെ ജിപ്പൂ വർക്കി എന്നയാളുടെ വീട്ടിൽനിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് ഇയാൾ മോഷ്ടിച്ചത്. വീടിൻ്റെ ജനൽ തുറന്ന് തോട്ടി ഉപയോഗിച്ച് ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മൂന്ന് മുറികളിലെ അലമാരകളിൽ സൂക്ഷിച്ച പണം എടുത്ത ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തിൽ മാളയിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. മോഷ്ടാവിനെ ചോദ്യം ചെയ്തതിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2022 മുതൽ നാല് മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് മോഷണങ്ങൾ നടത്തിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്നും മോഷ്ടിച്ചെടുത്ത സ്വർണം പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. അകപ്പറമ്പിൽ നിന്നും മോഷണം നടത്തിയ തുകയിൽ നിന്ന് ഇരുപതിനായിരം രൂപക്ക് ലോട്ടറി ടിക്കറ്റെടുത്തു. പകൽ വീടുകൾ കണ്ടു വയ്ക്കുകയാണ് ഇയാൾ ആദ്യം ചെയ്യുന്നത്. ആൾതാമസം ഉള്ള വീടുകളാണ് മോഷ്ടാവ് കണ്ടുവയ്ക്കുന്നത് വൈകീട്ടോടെ വീടിനു സമീപത്തുള്ള ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്ത് ഒളിച്ചിരിക്കും.
രാത്രി വീട്ടുകാർ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയശേഷം ജനൽ വഴി അകത്തു കയറുകയാണ് ചെയ്യുന്നത്. ഇയാളുടെ മോഷണത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. ആലുവ ഡിവൈഎസ്പി ടി. ആർ രാജേഷ് ഇൻസ്പെക്ടർ സാബുജി മാസ് , എസ്ഐമാരായ എം സി ഹരിഷ്, ജെ.എസ് ശ്രീജു, എ.എസ് ഐ റോണി അഗസ്റ്റിൻ, സി.പി.ഒ.മാരായ ഗയോസ് പീറ്റർ, ഇ എസ് സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഡി.വൈ.എസ്. പി.യുടെ നേതൃത്വത്തിൽ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]