
‘ഏതു മതചിഹ്നമാണെന്ന് വ്യക്തമാക്കാൻ കഴിഞ്ഞില്ല’; ഭാരതാംബ വിവാദം ചൂടുപിടിക്കും, നിയമപോരാട്ടത്തിന് കളമൊരുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് തുടങ്ങിയ ഭാരതാംബചിത്ര വിവാദം ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിച്ച് കോടതി കയറുന്നു. വിവാദത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെതിരെ ആദ്യമായി നടപടി ഉണ്ടായതോടെ വരും ദിവസങ്ങളില്‍ വിവാദം ചൂടുപിടിക്കുമെന്നും ഉറപ്പായി. വിഷയത്തില്‍ സസ്പെന്‍ഷനിലായ കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എസ്.അനികുമാര്‍ വിസിയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നു പറഞ്ഞതോടെ നിയമപോരാട്ടത്തിനും കളമൊരുങ്ങുകയാണ്. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നം പ്രദര്‍ശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് റജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയതും സംഘാടകര്‍ക്കെതിരെ പരാതി നല്കിയതും. എന്നാല്‍ ഏതു മതചിഹ്നമാണെന്ന് വ്യക്തമാക്കാന്‍ റജിസ്ട്രാര്‍ക്കു കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് വിസി ഗവര്‍ണര്‍ക്കു നല്‍കിയിരിക്കുന്നത്. ഭാരതാംബ ചിത്രം സര്‍വകലാശാലയില്‍ ഉള്‍പ്പെടെ വയ്ക്കുന്നതു നിയമവിരുദ്ധമാണോ എന്നതു സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലേക്ക് എത്തുന്ന സ്ഥിതിയാണുള്ളത്.
പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി.പ്രസാദാണ് കാവിക്കൊടി ഏന്തിയ ഭാരതാംബചിത്ര വിവാദത്തിനു തുടക്കമിട്ടത്. ഔദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം വയ്ക്കുന്നതിന് എതിരായ നീക്കത്തില്‍ സര്‍ക്കാര്‍ കൃഷിമന്ത്രിക്കൊപ്പം നിന്നു. തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ ചിത്രം ഒഴിവാക്കുമെന്ന തരത്തില്‍ രാജ്ഭവനില്‍നിന്ന് അനൗദ്യോഗികമായ അറിയിപ്പുണ്ടായി. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം നിലമ്പൂര്‍ വോട്ടെടുപ്പ് ദിവസം രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ചിത്രം ഉപയോഗിച്ചതോടെ പ്രതിഷേധം ശക്തമായി, വിദ്യാഭ്യാസമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതോടെ വിവാദം കടുത്തു. മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ചും ഭാരതാംബയുടെ മാഹാത്മ്യം വിവരിച്ചും ഗവര്‍ണറും ദേശീയപതാകയുടെ പ്രധാന്യം വിവരിച്ച് മുഖ്യമന്ത്രിയും പരസ്പരം കത്തയയ്ക്കുകയും ചെയ്തിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് റജിസ്ട്രാറുടെ സസ്പെന്‍ഷനില്‍ കലാശിച്ചിരിക്കുന്നത്. പരിപാടിക്കു ഗവര്‍ണര്‍ എത്തുന്നതിനു മുന്‍പ് സ്റ്റേജില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്.അനികുമാര്‍ നേരിട്ടെത്തി ഭാരതാംബയുടെ ചിത്രം മാറ്റണമെന്നു സംഘാടകരോട് ആവശ്യപ്പെട്ടു. മതപരവും ആചാരപരവുമായ ചിഹ്നങ്ങളോ പ്രഭാഷണമോ അനുവദിക്കില്ലെന്ന നിലപാട് റജിസ്ട്രാര്‍ മുന്നോട്ടുവച്ചു. ഇത് സെനറ്റ് ഹാള്‍ ബുക്ക് ചെയ്യുമ്പോഴുള്ള നിബന്ധനയിലുണ്ടെന്നും റജിസ്ട്രാര്‍ പറഞ്ഞു.
എന്നാല്‍, ഭാരതാംബ രാഷ്ട്രത്തിന്റെ ചിഹ്നമാണെന്നും മതപരമല്ലെന്നും സംഘാടകര്‍ നിലപാടെടുത്തു. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടിക്കുള്ള അനുമതി റദ്ദാക്കുമെന്ന് റജിസ്ട്രാര്‍ അറിയിച്ചു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ഗേറ്റിനു മുന്നില്‍ പ്രതിഷേധവുമായെത്തി. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും സ്ഥലത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരും തടിച്ചുകൂടിയതോടെ വന്‍ പൊലീസ് സന്നാഹവും എത്തി. ഇതിനിടെ പ്രതിഷേധിക്കാന്‍ ചിലര്‍ ഹാളിനുള്ളില്‍ കയറിയെന്നു സംഘാടകര്‍ക്കു വിവരം ലഭിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭാരതാംബ ചിത്രമിരിക്കുന്നതിനു സമീപം കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ കണ്ടത്. അവിടേക്കു ചെന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗോപുവിനെ മര്‍ദിച്ചു. പൊലീസ് ഇടപെട്ടാണ് ഗോപുവിനെ രക്ഷിച്ചത്.
സെനറ്റ് ഹാളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരും സംഘാടകരുമായി പുറത്തു സംഘര്‍ഷമുണ്ടായി. സര്‍വകലാശാലയ്ക്ക് അകത്ത് പ്രധാന ഗേറ്റിനു മുന്നിലായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഗവര്‍ണര്‍ പോകുന്നതുവരെ പ്രതിഷേധിക്കുമെന്ന് അറിയിച്ച പ്രവര്‍ത്തകര്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു, ബാനര്‍ ഉയര്‍ത്തി. ഭരണഘടനയുടെ കോപ്പിയുമായി റോഡില്‍ പ്രതിഷേധം തുടര്‍ന്നു. ഒരു മണിക്കൂറോളം പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണര്‍ പ്രധാന ഗേറ്റിനു സമീപത്തെ ഗേറ്റിലൂടെ പുറത്തേക്കു പോയി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായി പാളയത്തേക്കും. ഇതോടെയാണ് സര്‍വകലാശാലാ ആസ്ഥാനത്തെ സംഘര്‍ഷത്തിന് അയവുവന്നത്.