
അഹമ്മദാബാദ് ദുരന്തം: വിമാനത്തിന്റെ 2 എൻജിനുകളും പ്രവർത്തനരഹിതമായെന്ന് സൂചന; ഫ്ലൈറ്റ് സിമുലേറ്റർ പഠനം നടത്തി എയർ ഇന്ത്യ
മുംബൈ∙ 241 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം എൻജിനുകളുടെ പ്രവർത്തനം നിലച്ചതെന്ന് സൂചന. എൻജിനുകളിൽ രണ്ടും തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റഡ് പഠനത്തിൽ കണ്ടെത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
എയർ ഇന്ത്യയിലെ പൈലറ്റുമാരെ ഉപയോഗിച്ച് നടത്തിയ ഫ്ലൈറ്റ് സിമുലേറ്ററിൽ ലാൻഡിങ് ഗിയർ, ചിറകുകളുടെ ഫ്ലാപ്പുകൾ എന്നിവയുടെ പ്രവർത്തനം പുനരാവിഷ്കരിച്ചാണ് പരീക്ഷണം നടത്തിയത്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിനു പുറമെയാണ് ഫ്ലൈറ്റ് സിമുലേറ്റർ പരീക്ഷണം എയർ ഇന്ത്യ നടത്തിയതെന്നും സാധ്യമായ സാഹചര്യങ്ങൾ എല്ലാം പരിശോധിക്കാനാണ് ഇത്തരം പരീക്ഷണങ്ങളെന്നുമാണ് അധികൃതർ പറയുന്നത്. രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തിക്കാതിരുന്നതിനു പിന്നിലെ സാങ്കേതിക കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ബോയിങ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്യാൻ ഒരു എൻജിൻ പ്രവർത്തിച്ചാൽ മതിയെന്നാണ് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ രണ്ട് ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറുകളിൽനിന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ലഭിച്ച ഡേറ്റ വിശകലനം നടത്തിവരികയാണെന്നും അധികൃതർ പറയുന്നു. അതേസമയം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ പൈലറ്റ് ചക്രങ്ങൾ അകത്തേക്ക് വലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
നേരത്തെ ചക്രങ്ങൾ അകത്തേക്ക് വലിക്കുന്നതിൽ താമസം നേരിട്ടതായി വിഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
വിമാനങ്ങളുടെ എൻജിനുകളുടെ പ്രവർത്തനം കമ്പ്യൂട്ടർ നിയന്ത്രിതമാണെന്നും ഫുൾ അതോറിറ്റി ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്എഡിഇസി) എന്ന ഒരു സംവിധാനം ഉപയോഗിച്ചാണ് വിമാനം പ്രവർത്തിക്കുന്നതെന്നുമാണ് വിദഗ്ധർ പറയുന്നത്.
അതേസമയം ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇരട്ട എൻജിനുകളിൽ സംഭവിച്ച തകരാറിനെ കുറിച്ച് എയർ ഇന്ത്യ കൂടുതൽ പഠനങ്ങൾ നടത്തിവരികയാണ്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് എഎഫ്പി (DIBYANGSHU SARKAR) ൽ നിന്നും എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]