
പൊലീസ് തലപ്പത്ത് അഴിച്ചുപണി വരും; അജിത്കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റം ഒരു വർഷം വൈകാൻ സാധ്യത
തിരുവനന്തപുരം ∙ പുതിയ പൊലീസ് മേധാവി വന്നതോടെ പൊലീസിന്റെ മുകൾത്തട്ടിൽ മാറ്റങ്ങൾക്കു സാധ്യത. ഫയർഫോഴ്സ് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ ഉൾപ്പെടുത്താനുള്ള എംപാനൽമെന്റിന്റെ എൻഒസി ഇനിയും സർക്കാർ നൽകിയിട്ടില്ല.
പൊലീസ് മേധാവി സ്ഥാനത്തേക്ക് റാവാഡ ചന്ദ്രശേഖർ എത്തിയതോടെ ഇനി യോഗേഷ് ഗുപ്തയ്ക്ക് എൻഒസി നൽകാനുള്ള സാധ്യതയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ഓഫിസർമാരുടെ ക്ഷാമമുള്ളതിനാൽ ഡിജിപി റാങ്കിലുള്ള ഒരാളെക്കൂടി കേന്ദ്ര ഡപ്യൂട്ടേഷനിൽ വിടേണ്ട
കാര്യമില്ലെന്ന നിഗമനത്തിൽ അദ്ദേഹത്തിന് എൻഒസി നൽകാതിരിക്കാനും ശ്രമിച്ചേക്കാം. ഉദ്യോഗസ്ഥന്റെ എൻഒസി സംസ്ഥാനത്തോട് കേന്ദ്രസർക്കാർ തേടിയാൽ എൻഒസി നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം ചൂണ്ടിക്കാട്ടി മറുപടി നൽകേണ്ടിവരും.
റാവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയായി വന്നതോടെ ബറ്റാലിയൻ എഡിജിപി എം.ആർ. അജിത്കുമാറിന്റെ ഡിജിപി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വർഷം വൈകും.
റോഡ് സുരക്ഷാ കമ്മിഷണർ നിതിൻ അഗർവാൾ വിരമിക്കുന്ന 2026 ജൂലൈയിൽ മാത്രമേ ഇനി അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിക്കൂ. സർക്കാർ എൻഒസി നൽകുകയും യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്താൽ ഒഴിവു വരുന്ന ഡിജിപി തസ്തികയിലേക്ക് അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
എക്സൈസ് കമ്മിഷണർ മഹിപാൽയാദവ് അടുത്ത മാസം വിരമിക്കുമ്പോൾ വരുന്ന ഒഴിവിലേക്ക് എഡിജിപിയെ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ അഴിച്ചുപണിയിൽ അജിത്കുമാറിനെ എക്സൈസ് കമ്മിഷണർ തസ്തികയിലേക്കാണു മാറ്റിയിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ആ അഴിച്ചുപണി മരവിപ്പിക്കുകയായിരുന്നു. എഡിജിപിമാർ കുറവാണ്.
നിലവിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷിനാണ് ക്രൈംബ്രാഞ്ചിന്റെയും ചുമതല. രണ്ട് തസ്തികയും വലിയ ജോലിത്തിരക്കുള്ളതായതിനാൽ സ്വതന്ത്ര ചുമതലയുള്ള എഡിജിപിമാർ വേണ്ടിവരും.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ജില്ലാ പൊലീസ് മേധാവികൾക്കും മാറ്റത്തിനു സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]