
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു; പ്രതികൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫറോക്ക്∙ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല, സ്കൂട്ടറിലെത്തി കവർന്ന പ്രതികൾ പിടിയിൽ. പെരുമുഖം കുറ്റിയിൽ പുല്ലൂർ വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ പ്രബിതയുടെ ഒന്നര പവൻ തൂക്കം വരുന്ന മാല കവർന്ന തിരൂർ ആതവനാട് സ്വദേശി അനൂപ് സൽമാൻ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീക്കുട്ടൻ (28) എന്നിവരാണു പിടിയിലായത്. ഒഡീഷയിൽ പോയി കഞ്ചാവ് കൊണ്ടുവരാൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നിരവധി ലഹരിമരുന്നു കേസുകളിൽ പ്രതികളാണ് ഇരുവരും.
കഴിഞ്ഞ മാസം 24നായിരുന്നു മാല മോഷ്ടിച്ചത്. സംഭവദിവസം തന്നെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ക്രൈം സ്ക്വാഡിന് പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിനെ പറ്റി സൂചന ലഭിച്ചിരുന്നു. വാഹനം തൃശൂർ ജില്ലയിലെ നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതായി വ്യക്തമാവുകയും അന്വേഷണം ജില്ലയ്ക്കു പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികളെ പറ്റിയുള്ള അന്വേഷണത്തിലാണു പതിനേഴോളം കേസുകളുള്ള ശ്രീക്കുട്ടനിലേക്കും അഞ്ച് കേസുള്ള അനൂപ് സൽമാനിലേക്കും എത്തിയത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി സ്ത്രീകളെ പിന്തുടർന്നു മാലപൊട്ടിച്ചു കടന്നുകളയുന്നതാണു പ്രതികളുടെ രീതി. സ്വർണ്ണം വിറ്റുകിട്ടുന്ന പണം ആർഭാടജീവിതത്തിനും ലഹരിക്കുമായാണു പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതി അനൂപ് സൽമാൻ മേയിൽ ജയിലിൽ നിന്ന് ഇറങ്ങിയയാളാണ്.