
കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ നാളെയിറങ്ങും. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന കളിയിൽ കൊളംബിയയാണ് എതിരാളികൾ.
തോൽക്കാൻ മടിയുള്ള കൊളംബിയക്കെതിരെ ജയിക്കാൻ പാടുപെടുന്ന ബ്രസീൽ ഇറങ്ങുകയാണ്. ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച കൊളംബിയയാണ് രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഓരോ ജയവും സമനിലയുമുള്ള ബ്രസീൽ നാല് പോയിന്റുമായി രണ്ടാമതും നില്ക്കുന്നു. കൊളംബിയക്കെതിരെ സമനില നേടിയാലും കോസ്റ്റാറിക്ക-പരാഗ്വേ മത്സരഫലം നോക്കാതെ ബ്രസീലിന് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കാം. ജയം മാത്രമാണ് ലക്ഷ്യമെന്ന് ബ്രസീൽ കോച്ച് ഡോറിവാൾ ജൂനിയർ വ്യക്തമാക്കിക്കഴിഞ്ഞു.
ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരെ ക്വാർട്ടറിൽ കാത്തിരിക്കുന്നത് തകർപ്പൻ ഫോമിലുള്ള ഉറുഗ്വേയാണ്. ഈ വെല്ലുവിളി ഒഴിവാക്കാൻ കൊളംബിയയെ തോൽപിക്കുകയല്ലാതെ ബ്രസീലിന് മുന്നിൽ മറ്റുവഴികളില്ല. പക്ഷേ ഇതത്ര എളുപ്പവുമല്ല. അവസാന പത്ത് കളിയും ജയിച്ച കൊളംബിയ 2022 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിന് ശേഷമുള്ള 25 കളിയിലും തോൽവിയറഞ്ഞിട്ടില്ല. അർജന്റൈൻ കോച്ച് നെസ്റ്റോർ ലോറൻസോയുടെ തന്ത്രങ്ങളുടെ കരുത്തിലാണ് കൊളംബിയൻ മുന്നേറ്റം.
പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന ബ്രസീൽ നിരയിൽ മാറ്റങ്ങൾ ഉറപ്പാണ്. വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, വെൻഡെൽ എന്നിവർ സസ്പെൻഷന് ഭീഷണിയിലായതും ആശങ്കയാകുന്നു. യുവതാരം എൻഡ്രിക്കിനെ ആദ്യ ഇലവനില് പരീക്ഷിക്കാൻ സാധ്യതയേറെ. മുമ്പ് ഇരു ടീമും ഏറ്റുമുട്ടിയത് മുപ്പത്തിയാറ് കളിയിലെങ്കില് ബ്രസീൽ ഇരുപത്തിയൊന്നിലും കൊളംബിയ പതിനൊന്നിലും ജയിച്ചു. നാല് കളി സമനിലയിൽ പിരിഞ്ഞു. അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷം നവംബറിലാണ്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന് ജയം കൊളംബിയയ്ക്കൊപ്പം നിന്നു.
Last Updated Jul 2, 2024, 10:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]