
തഗ് ലൈഫ് ഓഡിയോ ലോഞ്ച് ഇവൻ്റിൽ ആയിരങ്ങൾക്ക് മുന്നിൽ പാടി തമിഴകത്ത് മുഴുവൻ വീണ്ടും ചർച്ചയായിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ. സിനിമയിൽ ദീ പാടിയിരിക്കുന്ന ‘മുത്ത മഴൈ’ ട്രാക്ക് ദീയുടെ അഭാവത്തിൽ വേദിയിൽ പാടിയതാണ് അവർ.
മുത്ത മഴൈയുടെ ഒറിജിനൽ ട്രാക്കിനേക്കാൾ കാഴ്ചക്കാരെ നേടി ചിന്മയിയുടെ ഈ വീഡിയോ ആണ് യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും ട്രെൻഡിങ്. തമിഴ് സിനിമയുടെ നഷ്ടമാണ് ചിന്മയിയെന്നാണ് വിഡിയോകൾക്ക് താഴെ പ്രേക്ഷകരുടെ കമൻ്റുകൾ.
ദീയെക്കാൾ ചിന്മയി വെർഷനാണ് ഇഷ്ടപ്പെട്ടതെന്നുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ മുഴുവനും. തഗ് ലൈഫിൻ്റെ തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ എ ആർ റഹ്മാൻ മുത്തുമഴൈ പാടിച്ചിരിക്കുന്നത് ചിന്മയിയെക്കൊണ്ടാണ്.
ചിന്മയിയെ സിനിമയിലേയ്ക്ക് കൈപിടിച്ച് കയറ്റിയ റഹ്മാന് അറിയാത്തതല്ലല്ലോ അവരുടെ വെർസറ്റൈലായ ശബ്ദ മാധുരിയെക്കുറിച്ച്. ഇത്രനാളും നിങ്ങളെ തമിഴ് സിനിമ എന്തിന് അകറ്റി നിർത്തി എന്ന് ട്വിറ്ററിൽ ചോദിച്ച ജെൻസി തലമുറയ്ക്ക് ഉടൻ എത്തി ചിന്മയിയുടെ മറുപടി.
“വൈരമുത്തു, രാധ രവി, കാർതിക് എന്നിവർ പീഡകരാണെന്ന് പറഞ്ഞതിന്.” 2018-ൽ തനിക്കും സഹപ്രവർത്തകർക്കും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ്, ഇൻഡസ്ട്രിയിലെ ഉന്നതർക്ക് നേരെ മീടൂ ഉന്നയിച്ചതിനാണ് സൗത്ത് ഇന്ത്യൻ സിനി, ടെലിവിഷൻ ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്ന് ചിന്മയി ശ്രീപദ പുറത്താക്കപ്പെടുന്നത്.
അന്നത്തെ പ്രസിഡന്റും നടനും രാഷ്ട്രീയക്കാരനുമായ രാധാ രവിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച സഹപ്രവർത്തകരെ പരസ്യമായി പിന്തുണച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പുറത്താക്കൽ. ഇതേ സമയത്ത് തന്നെയാണ് തമിഴിലെ മുൻനിര ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ചിന്മയി മീ ടൂ ആരോപിക്കുന്നതും.
ഇൻഡസ്ട്രിയിലെ ചൂഷണങ്ങൾക്കെതിരെ ഉയർന്ന ശബ്ദങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ചിന്മയിയുടേത്. ഇൻഡസ്ട്രിയിലെ സ്ത്രീകൾ വിളിച്ചു ചേർത്ത പ്രസ്മീറ്റിൽ മാധ്യമങ്ങൾ പോലും ചോദ്യം ചെയ്തപ്പോൾ കൈകൂപ്പി താൻ പറയുന്നത് കേൾക്കാൻ അപേക്ഷിക്കുന്ന ചിന്മയിയുടെ വിഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കാണാം.
ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട അവഗണനകൾക്കും വിലക്കിനും ശേഷം അവർ ആദ്യമായി വേദിയിൽ ഒരു മുഴുനീള ഗാനം ആലപിക്കുകയാണ് എന്നതുകൊണ്ട് തന്നെ പ്രേക്ഷകരെ സംബന്ധിച്ച് തഗ് ലൈഫ് വേദി വലിയ അത്ഭുതമായി.
സിംഗിൾ പാരൻ്റ് ആയ അമ്മ വളർത്തിയ മകൾ. കർണാടിക് സംഗീതം പറഞ്ഞുകൊടുക്കുന്നതും പഠിപ്പിക്കുന്നതും അമ്മ തന്നെ.
2002ലെ ‘കന്നത്തിൽ മുത്തമിട്ടാൽ’ എന്ന മണി രത്നം ചിത്രത്തിൽ ‘ഒരു ദൈവം തന്ത പൂവേ’ എന്ന് ജയചന്ദ്രനൊപ്പം പാടുമ്പോൾ 18 വയസാണ് ചിന്മയിക്ക് പ്രായം. പിന്നീട് ഇൻഡസ്ട്രിയിലെ തന്നെ എണ്ണം പറഞ്ഞ ഗായകരിൽ ഒരാളായി വളരാൻ അധികകാലം വേണ്ടി വന്നില്ല.
ഒപ്പം സമാന്ത, തമന്ന, തൃഷ, എമി ജാക്സൺ, പ്രിയങ്ക ചോപ്ര ഉൾപ്പെടെ ലിഡിങ് ഹീറോയിനുകൾക്ക് ശബ്ദമായിരുന്നതും ശ്രീപദയാണ്. 2002 മുതൽ 2018 വരെയുള്ള കാലയളവിൽ തമിഴിൽ മാത്രം പാടിയത് 250ൽ അധികം സിനിമകളിൽ.
വിലക്കിന് ശേഷം തിയേറ്ററുകളിലെത്തിയ ’96’ലാണ് ചിന്മയി തമിഴിൽ അവസാനമായി പാടിയത്. കഴിഞ്ഞ 7 വർഷങ്ങൾക്കിടയിൽ ഈ എണ്ണം വെറും 41.
അതിൽ ചുരുക്കം ചിത്രങ്ങൾ മാത്രം മുൻനിര സംഗീത സംവിധായകരായ എ ആർ റഹ്മാൻ, ജി വി പ്രകാശ്, ഗോവിന്ദ് വസന്ത എന്നിവർക്കൊപ്പം. ബാൻ നിനനിൽക്കെ ലോകേഷ് കനകരാജ് തൃഷയ്ക്ക് ശബ്ദമാകാൻ ലിയോയിലേയ്ക്ക് ക്ഷണിച്ചു.
പിന്നാലെ തൻ്റെ ശബ്ദം റെക്കോഡ് ചെയ്ത സൗണ്ട് എഞ്ചിനിയരെ ബാൻ ചെയ്യാൻ അത് ആരെന്ന് രാധാ രവിയുടെ യൂണിയൻ അന്വേഷണം നടത്തിയെന്നും ചിന്മയി വ്യക്തമാക്കുന്നുണ്ട്. ചിന്മയി അപ്രത്യക്ഷയായതിനെ സംബന്ധിച്ച് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട
പ്രേക്ഷകരുടെ ക്യൂരിയോസിറ്റിയിൽ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ചിന്മയിയുടെ ബാനിനെക്കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നവർ കഴിഞ്ഞ ഏഴു വർഷമായി കോമയിൽ ആയിരുന്നോ എന്നാണ് എഴുത്തുകാരി കവിപ്രിയ മൂർത്തി സമൂഹമാധ്യമങ്ങളിൽ ചോദിച്ചത്.
തഗ് ലൈഫ് ഇവൻ്റിലെ വിഡിയോ ‘ബ്രിങ് ബാക്ക് ചിന്മയി’ എന്ന ഹാഷ്ട്രാടെയാണ് സമാന്ത റൂത്ത് പ്രഭു പങ്കുവെച്ചത്. ഗായകൻ വിഷ്ണു റാം മണിരത്നം, എ ആർ റഹ്മാൻ, കമൽ ഹാസൻ ഉൾപ്പെടെയുള്ള ബിഗ് നെയിംസ് ഉൾപ്പെട്ട
സിനിമയായിട്ടുകൂടി ചിന്മയിക്കെതിരായ ഇല്ലീഗൻ ബാൻ മാറാൻ വേണ്ടത് ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി. “ഞാൻ നേരിട്ട ഒരു ദുരനുഭവമാണ് അന്ന് പറഞ്ഞത്.
എല്ലാവരും എന്നെ പിന്തുണയ്ക്കുമെന്ന് വിചാരിച്ചപ്പോൾ കുറ്റപ്പെടുത്തലാണ് എനിക്ക് കിട്ടിയത്. ആറ് വർഷം മുമ്പ് എൻ്റെ ഇൻബോക്സിൽ ചീത്ത വിളിക്കുകയായിരുന്നു എല്ലാവരും.
കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് എന്നെ തളർത്തി. വലിയ ആഘാതമാണ് അതെല്ലാം എനിക്ക് തന്നത്.
ഇന്ന് കേൾക്കുന്ന നല്ല വാക്കുകളോട് നന്ദിയുണ്ടെങ്കിലും വലുതായി ഒന്നും തോന്നുന്നില്ല. എൻ്റെ മനസ് മരവിച്ചിരിക്കുകയാണ്..” എട്ട് വർഷങ്ങളുടെ അപ്രഖ്യാപിത വിലക്കിന് ശേഷം വേദിയിലെത്തിയെ ഒരു കലാകാരിയുടെ വാക്കുകൾ തമിഴ് സിനിമ വ്യവാസായത്തെ തന്നെ ലജ്ജിപ്പിക്കേണ്ടതുണ്ട്.
ചിന്മയിയുടെ കാര്യത്തിൽ തെറ്റു പറ്റിയോയെന്ന് മാറി ചിന്തിക്കുകയാണ് തമിഴ് പ്രേക്ഷകരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]